എച്ച്‌ 3 എന്‍ 2: കുട്ടികള്‍ക്ക് കൂടുതല്‍ കരുതല്‍ വേണമെന്ന് ‍‍ഡോക്ടര്‍മാര്‍; ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്തെല്ലാം?





ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് എച്ച്‌ 3 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന വൈറല്‍ പനിയെക്കുറിച്ച്‌ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സൂചന നല്‍കിയത്.


ഇതിനിടെ, പനിക്കു സമാനമായുള്ള ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആശുപത്രികളില്‍ ചികിത്സയക്കെത്തുന്ന ഓരോ 10 കുട്ടികളില്‍ ആറു പേര്‍ക്കും പനിക്കു സമാനമായ ലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രായമായവരും കുട്ടികളും എച്ച്‌ 3 എന്‍ 2 വൈറസിനെതിരെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്.


കഴിഞ്ഞ രണ്ട് മാസത്തിനിടെ പനിക്കു സമാനമായ ലക്ഷണങ്ങളുമായെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവുണ്ടായതായി ഡല്‍ഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ധന്‍ ഡോക്ടര്‍ ദിനേശ് രാജ്  പറഞ്ഞു. പനിയും പനിക്കു സമാനമായ ലക്ഷണങ്ങള്‍ ഉള്ളവരുമായ കുട്ടികളെ നിരീക്ഷിച്ചു വരികയാണെന്ന് ബെംഗളൂരുവിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് വിഭാഗത്തിലെ കണ്‍സള്‍ട്ടന്റായ ഡോ യോഗേഷ് കുമാര്‍ ഗുപ്തയും പറഞ്ഞു.


എച്ച്‌ 3 എന്‍ 2 അണുബാധ സാധാരണയായി അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കുമെന്നും മൂന്ന് ദിവസത്തിന് ശേഷം പനി മാറുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ചിലരില്‍ ചുമ കുറച്ചു ദിവസം കൂടി നീണ്ടുനില്‍ക്കും.


എച്ച്‌ 3 എന്‍ 2 അണുബാധ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?


കഠിനമായ പനി, ശരീരവേദന, ചുമ, ജലദോഷം, ശ്വാസതടസം എന്നിവയുള്ള കുട്ടികളെ കഴിഞ്ഞ രണ്ടു മാസത്തോളമായി ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു വരികയാണ്. കഠിനമായ പനി, ശരീരവേദന, തലവേദന, മൂക്കൊലിപ്പ് എന്നിവയാണ് എച്ച്‌ 3 എന്‍ 2 വിന്റെ ലക്ഷണങ്ങള്‍. പനി മാറിയാലും ചുമ കൂടാമെന്നും എട്ട് മുതല്‍ പത്തു ദിവസം വരെ രോഗം നീണ്ടുനില്‍ക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനൊപ്പം വയറിളക്കം, ഛര്‍ദ്ദി പോലുള്ള അസുഖങ്ങളും ഉണ്ടായേക്കാം.


പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആരൊക്കെ?


ആസ്തമ, പൊണ്ണത്തടി, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, ഹൃദ്രോഗം പോലുള്ള അസുഖങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് അപകടസാധ്യത കൂടുതലാണെന്ന് ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോ രാജ് ന്യൂസ് 18 നോട് പറഞ്ഞു. 


ഏത് അണുബാധ ആയാലും അത് കോവിഡോ, എച്ച്‌ 3 എന്‍ 2 വോ ആകട്ടെ, കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഫരീദാബാദ് ആസ്ഥാനമായുള്ള അമൃത ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് പള്‍മണോളജി ഡോ. മനീന്ദര്‍ സിംഗ് ധലിവാള്‍ പറഞ്ഞു. അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയും ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം, എന്നീ രോഗങ്ങളുള്ള കുട്ടികളെയും ന്യൂറോളജിക്കല്‍ രോഗങ്ങളുള്ളവരെയും, പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെയും പ്രത്യേകം സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുമ കൂടുകയോ മൂന്ന് ദിവസത്തിന് ശേഷവും പനിയുടെ തീവ്രത വര്‍ദ്ധിക്കുകയോ ചെയ്യുന്നതായി കണ്ടാല്‍ പ്രത്യേകം കരുതണമെന്നും ഉടന്‍ ചികില്‍സ തേടണമെന്നും ഡോ ധലിവാള്‍ പറഞ്ഞു.


കാരണം


കോവിഡിന് ശേഷം സ്‌കൂളുകള്‍ തുറന്നതോടെ, പനിയും മറ്റ് ഇന്‍ഫ്ലുവന്‍സ രോഗങ്ങളും വര്‍ദ്ധിച്ചതായും ആളുകള്‍ മുന്‍പത്തേതു പോലെ ശുചിത്വ കാര്യത്തില്‍ കൂടുതലായി ശ്രദ്ധിക്കുന്നില്ലെന്നും മാസ്ക് ധരിക്കുക, ഇടക്ക് കൈ കഴുകുക തുടങ്ങിയ ശീലങ്ങള്‍ പലരും ഉപേക്ഷിച്ചതായും മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ പര്‍വീന്ദര്‍ സിംഗ് നാരംഗ് പറയുന്നതു. ഇതും ഇത്തരം അണുബാധകള്‍ കൂടാന്‍ ഒരു കാരണമാണ്.


”അടുത്തിടെ, എച്ച്‌ 3 എന്‍ 2, എച്ച്‌ 1 എന്‍ 1 എന്നിവയില്‍ കൂടുതല്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സാധാരണയായി ഇത്തരം രോഗങ്ങള്‍ ബാധിക്കുന്ന കുട്ടികള്‍ വേഗം സുഖം പ്രാപിക്കാറുണ്ട്. പക്ഷേ അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസുകള്‍ പടരും”, ഡോ പര്‍വീന്ദര്‍ സിംഗ് നാരംഗ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അനാവശ്യമായി ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ടതില്ലെന്നും ഡോ.നാരംഗ് പറഞ്ഞു. “ശ്വാസകോശ ലക്ഷണങ്ങള്‍ പിന്നീടാണ് ആരംഭിക്കുന്നത്. പനി ഒരു വൈറല്‍ രോഗമാണ്. പനി മാത്രമുള്ള ഒരു രോഗിക്ക് രോഗിക്ക് ആന്‍റിബയോട്ടിക്കുകള്‍ നല്‍കേണ്ടതില്ല”, ഡോക്ടര്‍ നാരംഗ് കൂട്ടിച്ചേര്‍ത്തു. സ്വയം ചികില്‍സകള്‍ ഒഴിവാക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.


എങ്ങനെ സ്വയം സംരക്ഷിക്കാം?


ഈ പനി വേഗത്തില്‍ പടരാം. അതിനാല്‍, ശുചിത്വം പാലിക്കുന്നതും മാസ്ക് ഉപയോഗിക്കുന്നതും വളരെ പ്രധാനമാണ്. കൈകള്‍ വൃത്തിയാക്കുക, സാനിറ്റൈസര്‍, മാസ്കുകള്‍ എന്നിവ ഉപയോഗിക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കാം.


0/Post a Comment/Comments