ക്ഷേമനിധി: പുതുതായി 50,000ൽപരം മോട്ടോർ തൊഴിലാളികൾ രജിസ്റ്റർ ചെയ്തു
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൊഴിലാളി രജിസ്ട്രേഷൻ നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലുടനീളം പഞ്ചായത്ത്, താലൂക്ക് തലങ്ങളിൽ വിവിധ ട്രേഡ് യൂണിയനുകൾ, ഉടമ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ അംഗത്വ വിതരണ ബോധവത്കരണ ക്യാമ്പയിനുകൾ നടന്നുവരുന്നതായി ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ അറിയിച്ചു.  


15 ലക്ഷത്തോളം തൊഴിലാളികളെ പദ്ധതിയിൽ രജിസ്റ്റർ ചെയ്യിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. 2022ൽ പുതുതായി  50,000ൽ പരം തൊഴിലാളികൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  കൂടാതെ ഈ സാമ്പത്തിക വർഷം 100 കോടിയിൽ പരം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. 


അംഗമായ ശേഷം ക്ഷേമനിധി കുടിശ്ശിക വരുത്തിയ തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി കുടിശ്ശിക ഒടുക്കാൻ മാർച്ച് 31 വരെ സമയം നൽകിയിട്ടുണ്ട്.  

പഴയ പദ്ധതി പ്രകാരം ക്ഷേമനിധി കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി തുക ഒടുക്കുന്നതിനുള്ള അവസരവും നിലവിലുണ്ട്. 


കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ പരിഷ്‌കരിക്കാനുള്ള നടപടികൾ സർക്കാരിന്റെ പരിഗണനയിലാണ്. കലാകായിക അക്കാദമിക് രംഗങ്ങളിൽ മികവ് തെളിയിച്ച പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് ദേശീയ തലത്തിൽ മൂന്ന് ഗ്രാം സ്വർണപതക്കവും സംസ്ഥാന തലത്തിൽ രണ്ട് ഗ്രാം സ്വർണപതക്കവും നൽകും.  


പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന അർഹരായ മക്കൾക്ക് സർക്കാർ അംഗീകാരത്തിന് വിധേയമായി ലാപ്ടോപ് വിതരണം ചെയ്യാാനും ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു.

0/Post a Comment/Comments