മാലിന്യമെടുക്കുന്ന ഹരിതകര്‍മ്മ സേനയ്ക്ക് നിര്‍ബന്ധമായും യൂസര്‍ഫീ നല്‍കണമെന്ന് തദ്ദേശമന്ത്രി എംബി രാജേഷ്.
ഹരിത കര്‍മ്മ സേന വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നതിന് പണം നല്‍കണം. നല്‍കി യിട്ടില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കുടിശ്ശികയായി പിരിച്ചെടുക്കാമെന്നും മന്ത്രി പറഞ്ഞു.
'അജൈവ മാലിന്യമാണ് ഹരിതകര്‍മ സേന ശേഖരിക്കുന്നത്. ഇത് നടപ്പാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. ഇതിനായി ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ഫീ നല്‍കണം. എല്ലാ മാസവും യൂസര്‍ഫീ നല്കാത്തവരുണ്ടെങ്കില്‍ അത് വസ്തുനികുതിയുടെ ഭാഗമായി കുടിശ്ശികയായി ഈടാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിക്കും"; മന്ത്രി പറഞ്ഞു. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടിയെ തെറ്റായി വ്യാഖ്യാനിച്ച് കൊണ്ട് സംസ്ഥാനത്തൊട്ടാകെ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് മന്ത്രി രംഗത്തെത്തിയത്.
കുടുംബശ്രീ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ സേന വീടുകള്‍ തോറും പോയി പ്ലാസ്റ്റിക് പോലുള്ള അഴുകാത്ത മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തൊട്ടാകെ ഇത് കൃത്യമായി നടക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. ചിലയിടങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മറ്റ് ചിലയിടങ്ങളില്‍ എല്ലാ മാസവും ഹരിത കര്‍മ സേനാംഗങ്ങള്‍ എത്തുന്നില്ല. സൂക്ഷിച്ചുവെച്ചിരിക്കുന്ന മാലിന്യങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ ആളുകള്‍ കുഴയാറുണ്ടെന്നും പരാതിയുണ്ട്.
അതേസമയം, പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതുണ്ടോ എന്നത് പൊതുവെയുള്ള ഒരു സംശയമാണ്. എന്നാല്‍ പ്ലാസ്റ്റിക് ശേഖരണത്തിനായെത്തുന്ന ഹരിത കര്‍മസേനയ്ക്ക് യൂസര്‍ഫീ ഈടാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ 8(3) പ്രകാരമാണിത്. കേരള സര്‍ക്കാരിന്റെ 2020 ഓഗസ്റ്റ് 12ലെ ഉത്തരവ് പ്രകാരമാണ് തദ്ദേശസ്ഥാപനങ്ങള്‍ മാലിന്യശേഖരണത്തിന് യൂസര്‍ഫീ നിശ്ചയിച്ചിരിക്കുന്നത്. ഫീ നല്‍കാത്തവര്‍ക്ക് സേവനം നിഷേധിക്കാനുള്ള അധികാരവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
കൂടാതെ, യൂസര്‍ഫീ നല്‍കാത്തവര്‍ക്കും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മസേനയ്ക്ക് കൈമാറാതെ അലക്ഷ്യമായിവലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. 10000 രൂപ മുതല്‍ 50000 രൂപ വരെ പിഴ ചുമത്താന്‍ ഇതിലൂടെ സാധിക്കും.
Post a Comment