മാലിന്യസംസ്‌കരണ നിയമം ലംഘിച്ചാല്‍ ശിക്ഷ കടുക്കും ; പ്രവര്‍ത്തന മാര്‍ഗരേഖാ ഭേദഗതി ഉത്തരവായി
തിരുവനന്തപുരം: മാലിന്യസംസ്കരണ നിയമലംഘനങ്ങളില്‍ കര്‍ശന നടപടിക്കായി ജില്ലകളില്‍ രൂപീകരിക്കുന്ന എന്‍ഫോഴ്സ്മെന്റ് സെക്രട്ടറിയറ്റിനും എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ക്കുമുള്ള പ്രവര്‍ത്തന മാര്‍ഗരേഖ ഭേദഗതി ചെയ്തു.


മിന്നല്‍ പരിശോധനയിലൂടെ ഉടന്‍പിഴ ഈടാക്കാനും ലൈസന്‍സ് റദ്ദ് ചെയ്ത് വാഹനങ്ങള്‍ പിടിച്ചെടുക്കാനും ഉത്തരവിലൂടെ സ്ക്വാഡുകള്‍ക്ക് അധികാരം ലഭിക്കും. ജില്ലകളില്‍ എന്‍ഫോഴ്സ്മെന്റ് സെക്രട്ടറിയറ്റ് പ്രവര്‍ത്തിക്കും. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓരോന്നും മറ്റിടങ്ങളില്‍ രണ്ട് സ്ക്വാഡ് വീതവുമാണ് ഉണ്ടാകുക. 


സ്ക്വാഡില്‍ തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥനും ശുചിത്വമിഷന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസറും പരിശോധന സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. ഒരേ സ്ക്വാഡില്‍ ആറുമാസത്തിലധികം ഒരാള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. സ്ക്വാഡ് പുനര്‍വിന്യസിക്കേണ്ടത് തദ്ദേശ ജോയിന്റ് ഡയറക്ടര്‍ ചെയര്‍മാനും ശുചിത്വമിഷന്‍ ജില്ലാ കോ–-ഓര്‍ഡിനേറ്റര്‍ നോഡല്‍ ഓഫീസറുമായ സെക്രട്ടറിയറ്റാണ്. 


മാലിന്യം പൊതുനിരത്തിലോ ജലസ്രോതസ്സുകളിലോ തള്ളിയാല്‍ ഉടന്‍ പിഴയുള്‍പ്പെടെ നടപടി സ്വീകരിക്കും. അറവ്–-വില്‍പ്പന കേന്ദ്രങ്ങളില്‍ സ്ക്വാഡ് പരിശോധന നടത്തും. വേൾഡ് വിഷൻ ന്യൂസ്.

 വാണിജ്യ/വ്യാപാര/വ്യവസായ ശാലകള്‍, ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ മാലിന്യസംസ്കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ക്വാഡുകള്‍ ഉറപ്പുവരുത്തണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ക്വാഡിനുള്ള ചെലവുകള്‍ ശുചിത്വമിഷന്‍ മുഖേന നല്‍കും. 


പ്രചാരണ ബോര്‍ഡുകളില്‍ ജാഗ്രതവേണം

നിരോധിത പിവിസി, ഫ്ളക്സ്, പോളിസ്റ്റര്‍, നൈലോണ്‍ ക്ലോത്ത്, പ്ലാസ്റ്റിക് കലര്‍ന്ന തുണി, പേപ്പര്‍ തുടങ്ങിയവയില്‍ പ്രചാരണ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും ബാനറുകളും ഷോപ്പ് ബോര്‍ഡുകളും സ്ഥാപിക്കുന്നില്ലെന്ന് സ്ക്വാഡ് ഉറപ്പാക്കും. പുനഃചംക്രമണം സാധ്യമായ 100 ശതമാനം കോട്ടന്‍/പേപ്പര്‍/പോളി എത്തിലീന്‍ എന്നിവയില്‍ ‘പിവിസി ഫ്രീ റീസൈക്ലബിള്‍' ലോഗോയും പ്രിന്റിങ് യൂണിറ്റിന്റെ പേരും നമ്ബറും പതിച്ചേ ബോര്‍ഡുകള്‍ സ്ഥാപിക്കാവൂ. ഇല്ലെങ്കില്‍ പരസ്യം നല്‍കിയവര്‍ക്കും പ്രിന്റ് ചെയ്തവര്‍ക്കും പിഴ ചുമത്തും.


0/Post a Comment/Comments