വിടവാങ്ങിയത് ചിരിയുടെ തമ്പുരാൻ


തൃശൂർ ഭാഷയിൽ കഥ പറഞ്ഞ് സിനിമയിലും ജീവിതത്തിലും എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർത്തിയ കലാകാരൻ, മലയാളത്തിന്റെ സ്വന്തം ഇന്നസെന്റ്. 1948 മാർച്ച് നാലിന് തെക്കേത്തല വറീതിന്റെയും, മാർഗരീത്തയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ഇന്നസെൻറ് ജനിച്ചത്. മുഴുവൻ പേര് ഇന്നസെന്റ് വറീത് തെക്കേത്തല. 

ബാല്യകാലത്ത് സ്കൂളിലേക്കുള്ള യാത്രയോട് വിമുഖത കാണിച്ചിരുന്നു കുഞ്ഞ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ തന്നെ നർമ്മം നിറഞ്ഞ വിശദീകരണത്തിൽ പറഞ്ഞാൽ 'പഠനം തനിക്ക് ശരിയാകില്ല എന്ന തോന്നൽ കൊണ്ട് എട്ടാം ക്ലാസ്സിൽ വെച്ച് ഔദ്യോ​ഗിക സ്കൂൾ വിദ്യഭ്യാസം അവസാനിപ്പിച്ചു'. അധികം വൈകാതെ യഥാർത്ഥ 'പഠനം' പൂർത്തിയാക്കുന്നതിനായി മദ്രാസിലേക്ക് ചേക്കേറി. അക്കാലത്ത് സൗത്ത് ഇന്ത്യൻ സിനിമാ മോഹികളുടെ കളരിയായിട്ടാണ് മദ്രാസ് അറിയപ്പെട്ടിരുന്നത്. ആദ്യകാല മദ്രാസ് ദിനങ്ങളിൽ സിനിമയിലെ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി, അഭിനയ ജീവിതത്തിലേക്കുള്ള പരിണാമവും അവിടെ നിന്നു തന്നെയായിരുന്നു.

ആ കാലഘട്ടത്തിൽ ലഭിച്ച ചെറിയ വേഷങ്ങളിലൂടെയാണ് അഭിനയ ജീവിതത്തിന്റെ ആരംഭം. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യ സിനിമ. പിന്നീട് ജീസസ്, നെല്ല് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സിനിമാ ജീവിതത്തെ പ്രാരംഭത്തിൽ ചില ബന്ധുക്കൾക്കൊപ്പം ദാവൺഗരെയിൽ ഒരു തീപ്പെട്ടിക്കമ്പനി നടത്തിയിരുന്നു. 1974ൽ ദാവൺഗരെയോട് വിടപറയുകയും, തിരികെ നാട്ടിലെത്തി ബിസിനസുകൾ ചെയ്യുകയും, അതോടൊപ്പം രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.

1979ൽ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായി ഇന്നസെന്റ് തെരഞ്ഞെടുക്കപ്പെട്ടു. നടനായി തിരശ്ശീല തിരിച്ചറിയും മുൻപുള്ള രാഷ്ട്രീയ പ്രവേശനമായിരുന്നു അത്.

1986 മുതൽ സിനിമകളിൽ സജീവ സാന്നിദ്ധ്യമാവാൻ ഇന്നസെന്റിന് കഴിഞ്ഞു. മൂന്നു വർഷത്തിന് ശേഷം 1989ൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലൊരുങ്ങിയ റാംജിറാവു സ്പീക്കിംഗിലെ മാന്നാർ മത്തായി എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. 

തുടർന്ന് ഗജകേസരി യോഗം, ഗോഡ് ഫാദർ, കിലുക്കം, വിയ്റ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല എന്നിങ്ങനെയുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമായി വളർന്നു. പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ തുടങ്ങിയ സംവിധായകരുടെ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു ഇന്നസെന്റ്. 'സിനിമയെ ഇഷ്ടപ്പെട്ട, സിനിമയെ സ്നേഹിച്ച, സിനിമയിലെത്താനായി ഒരുപാട് പരിശ്രമിച്ച ആളാണ്', ഇന്നസെന്റിനെക്കുറിച്ച് സിബി മലയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്.

ഇന്നസെന്റ് പന്ത്രണ്ട് വർഷം അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിനുപുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിട പറയും മുമ്പേ, ഇളക്കങ്ങൾ, ഓർമ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്നീ സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. രണ്ടു സിനിമകൾക്ക് അദ്ദേഹം കഥ എഴുതിയിട്ടുണ്ട്. ചില സിനിമകളിൽ പാട്ടുപാടി താനൊരു ഗായകൻ കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ട്.

 തന്റെ ചിരിയുടെ ജൈത്രയാത്രയ്ക്കടിയിൽ പല തവണ അർബുദം ബാധിച്ചിരുന്നു. എന്നാൽ തന്റെ തമാശകളിലൂടെ ആ രോഗത്തോട് അദ്ദേഹം പൊരുതി വിജയിച്ചു. 'ഞാൻ ഇന്നസെന്റ്', 'മഴക്കണ്ണാടി', 'ചിരിയ്ക്കുപിന്നിൽ' (ആത്മകഥ), എന്നിങ്ങനെ നാല് പുസ്തകങ്ങൾ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊണ്ടയിൽ കാൻസർ ബാധിച്ച് കുറച്ചുകാലം ചികിത്സാർത്ഥം ആശുപത്രിയിൽ കിടന്നതിന്റെ അനുഭവങ്ങളാണ് കാൻസർവാർഡിലെ ചിരി എന്ന പുസ്തകം. 

2014 ലെ ലോക്സഭാ ഇലക്ഷനിൽ ഇന്നസെന്റ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിക്കുകയും എം.പി ആവുകയും ചെയ്തു. 1976 സെപ്റ്റംബർ 6 ന് ആയിരുന്നു ഇന്നസെന്റിന്റെ വിവാഹം. ഭാര്യ ആലീസ്. മകൻ സോണറ്റ്.



0/Post a Comment/Comments