പിതാവിന്റെ സ്മരണക്ക് വീട്ടുഗ്രന്ഥശാലയൊരുക്കി മകൻ

ഇരിട്ടി: മുപ്പത്തിരണ്ട് വർഷങ്ങൾക്കു മുന്നേ രണ്ട് ഭാണ്ഢക്കെട്ടുമായി വീട്ടിലെത്തിയ കച്ചവടക്കാരന്റെ കയ്യിൽ പുസ്തകങ്ങളും വസ്ത്രങ്ങളുമായിരുന്നു വിൽപ്പനക്കായുണ്ടായിരുന്നത്. അന്ന് അഛൻ മകനോട് പറഞ്ഞു. ഏതെങ്കിലും ഒന്ന് വാങ്ങിത്തരാം. ഒരു നിമിഷം പോലും ആലോചിക്കാതെ മകൻ മറുപടി പറഞ്ഞു പുസ്തകം മതി. അന്ന് ആ പിതാവ് വാങ്ങി നൽകിയ അയാദ്ധ്യാ സിംഗ് എഴുതിയ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്ര സംഗ്രഹം ഉൾപ്പെടെയുള്ള ആയിരത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുത്തി പിതാവിന്റെ സ്മരണക്കായി അഛൻ സ്മാരക വീട്ടു ലൈബ്രറി ഒരുക്കിയിരിക്കുകയാണ് സാംസ്‌കാരിക പ്രവർത്തകനും സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ ഓഡിനേറ്ററുമായ ശ്രീജൻ പുന്നാട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി സഞ്ചരിക്കുമ്പോൾ സമ്മാനമായി ലഭിച്ച പുസ്തകങ്ങളും വരുമാനത്തിൽ നിന്നും ഒരോഹിരി നിക്കി വച്ച് ശേഖരിച്ച പുസ്തകങ്ങളുമാണ് ഗ്രന്ഥാലയത്തിൽ ഒരുക്കിയിരിക്കുന്നത്. വായനയിലേക്കും സാക്ഷരതാ പ്രവർത്തനങ്ങളിലേക്കും കൈ പിടിച്ചു നടത്തിയ പിതാവ് കെ. കെ. കുഞ്ഞിരാമന്റെ സ്മരണക്കായി ഒരുക്കിയ ഗ്രന്ഥാലയം ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത് കമൽ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ടി. വി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. അമ്മ ടി. വി. ജാനകിയും കുടുംബാംഗങ്ങളും പങ്കെടുത്തു. പഠന പ്രവർത്തനങ്ങൾക്കായി വീട്ടിലെത്തുന്ന കുട്ടികൾക്കും അയൽപക്കത്തെ വീട്ടുകാർക്കും ഈ വീട്ടു ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുമെന്ന് ശ്രീജൻ പുന്നാട് പറഞ്ഞു.

0/Post a Comment/Comments