കലങ്ങള്‍ പൊട്ടിയ കമലയ്ക്ക് കരുതലുമായി ഡിസിസി
കണ്ണൂര്‍: കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരേ പോലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിലും ലാത്തിവീശലിനിടയിലും നഷ്ടം സംഭവിച്ച വഴിയോരക്കച്ചവടക്കാരിക്ക് സാന്ത്വനവുമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് നഷ്ടപരിഹാരം നല്‍കി. 


തിങ്കളാഴ്ച കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനും നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോഴായിരുന്നു ബഹളത്തിനിടെ വഴിയോരത്ത് വില്‍പ്പനയ്ക്കു വെച്ച് ചട്ടികളും കലങ്ങളും തകര്‍ന്നത്.

 സമരക്കാരെത്തുന്നതിനു മുമ്പു തന്നെ  ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലെ റോഡരികില്‍ മണ്‍ചട്ടികളും കലങ്ങളും വില്‍പ്പനയ്ക്കു വെച്ചിരുന്നത് മാറ്റണമെന്ന് പോലീസ് വടകരയില്‍ നിന്നുള്ള കലംവില്‍പ്പനക്കാരി കമലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും കലം അവിടെ നിന്നു മാറ്റാന്‍ പറ്റാനാകാതെ നിസഹായാവസ്ഥയിലായിരുന്നു ഇവര്‍.  


സംഘര്‍ഷത്തിനിടയില്‍ ഏതാനും മണ്‍ചട്ടികളും കലങ്ങളും ഉടഞ്ഞതോടെ അതിനു മുന്നില്‍ വ്യാകുലതയോടെ നില്‍ക്കുന്ന കമലയുടെ ചിത്രം മാധ്യമങ്ങളില്‍ വന്നിരുന്നു. കോൺഗ്രസ് നടത്തിയ സമരം കാരണം പാവപ്പെട്ടൊരു മണ്‍കല വില്‍പ്പനക്കാരിക്ക് നഷ്ടമുണ്ടായ സാഹചര്യത്തില്‍ അതിനു പരിഹാരമുണ്ടാക്കാന്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജും സഹപ്രവര്‍ത്തകരും നേരിട്ടെത്തുകയായിരുന്നു. 


നഷ്ടപരിഹാരത്തുക വാങ്ങാന്‍ വിസമ്മതിച്ച കമലയെ ഡിസിസി പ്രസിഡന്റ് നിര്‍ബന്ധപൂര്‍വം തുക ഏല്‍പ്പിച്ചു. വിഷുവാകുമ്പോഴേക്കും കലം വില്‍പ്പനയ്ക്ക് പ്രത്യേകഇടം ഏര്‍പ്പെടുത്താന്‍ കോര്‍പറേഷന്‍ നടപടി സ്വീകരിക്കുമെന്നും അതിനായി കോര്‍പറേഷനെ സമീപിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയാണ് ഡിസിസി പ്രസിഡന്റ് മടങ്ങിയത്.


ഡിസിസി പ്രസിഡന്റിനോടൊപ്പം നേതാക്കളായ അഡ്വ.റഷീദ് കവ്വായി,എം പി രാജേഷ്,കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

0/Post a Comment/Comments