ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി പിടിവീഴും; ഏപ്രില്‍ 20 മുതല്‍ 726 ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും


തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് (എ ഐ) ക്യാമറകള്‍ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

എഐ ക്യാമറകള്‍ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള ‘സേഫ് കേരള’ പദ്ധതി ഏപ്രില്‍ 20-ാം തീയതി മുതല്‍ ആരംഭിക്കും. മോട്ടോര്‍ വാഹന വകുപ്പിന്‍റെ 726 ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ക്യാമറകളാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി കാത്തിരിക്കുന്നത്.

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും മാത്രമാകില്ല എ ഐ ക്യാമറയില്‍ കുടുങ്ങുക. ഹെല്‍മെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, മൊബൈലില്‍ സംസാരിച്ചുള്ള യാത്ര – ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് എ ഐ ക്യാമറ ആദ്യം പിടിക്കുക.വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ക്യാമറകള്‍ വഴി നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനായുള്ള ‘Fully Automated Traffic Enforcement System’ സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

വാഹനത്തില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ ഒഴികെയുള്ളവയെല്ലാം പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജത്തിലാണ്. 4 ജി കണക്ടിവിറ്റി സിമ്മിലാണ് ഡേറ്റാ കൈമാറ്റം. എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്സിലുള്ള വിഷ്വല്‍ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകര്‍ത്തും. ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍റൂമിലേക്ക് അയക്കും. ആറുമാസത്തെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഇതില്‍ സംവിധാനമുണ്ട്.




0/Post a Comment/Comments