ആറളം ഫാമിൽ വീണ്ടും കാട്ടാന ചെരിഞ്ഞ നിലയിൽ




ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാന ചെരിഞ്ഞു. ഫാമിന്റെ കൃഷിയിടമായ ഒന്നാം ബ്ലോക്കിലാണ് 20 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വയർ വീർത്ത നിലയിലാണ്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. എക്കണ്ടി കയറ്റത്തിൽ ടാർ റോഡിൽ നിന്ന് നൂറ് മീറ്റർ മാറി ഫാമിൻ്റെ കൃഷിയിടത്തിൽ തന്നെയാണ് ആന ചെരിഞ്ഞത്.
ഏതാനും വർഷങ്ങൾക്കിടയിൽ ആറോളം ആനകളാണ് ഫാമിൽ ചെരിഞ്ഞത്. കഴിഞ്ഞ വർഷം മാത്രം മൂന്ന് ആനകളെ ഫാമിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ രണ്ടെണ്ണം ചെരിഞ്ഞത് ഡിസംബർ 20 നും 26 നു മായിരുന്നു. ഒരഖിഴ്ചക്കിടയിൽ ചെരിഞ്ഞ രണ്ടാമത്തെ ആന പുനരധിവാസമേഖലയിലെ വീട്ടു പറമ്പിലായിരുന്നു. വീട്ടുപറമ്പിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് ഈ അന ചെരിഞ്ഞതെന്നായിരുന്നു വിവരം.
കൊട്ടിയൂർ റെയ്ഞ്ചർ സുധീർ നേരോത്ത്, ഡെപ്യൂട്ടി റെയ്ഞ്ചർ കെ. ജിജിൽ എന്നിവരുടെ നേതൃത്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇരിട്ടി വെറ്റിനറി സർജൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പോസ്റ്റ്മോർട്ടം നടത്തി.

0/Post a Comment/Comments