ഈ വര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ രണ്ടുലക്ഷം ഇന്റര്‍നെറ്റ് കണക്ഷന്‍ കൂടി; കെ ഫോണ്‍ വ്യാപിപ്പിക്കും


തിരുവനന്തപുരം: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിന് പുറമേ വാണിജ്യാടിസ്ഥാനത്തില്‍ രണ്ടുലക്ഷം കണക്ഷന്‍ കൂടി ഈവര്‍ഷം നല്‍കുമെന്ന് കെ ഫോണ്‍ ചുമതലയുള്ള കെഎസ്ഐടിഐഎല്‍ എംഡി ഡോ. സന്തോഷ് ബാബു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള  ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാന്‍ കെ -ഫോണിന് സാങ്കേതികവും വാണിജ്യപരവുമായ സഹായം നല്‍കാന്‍ മാനേജ്ഡ് സര്‍വീസ് പ്രൊവൈഡറെ (എംഎസ്പി) ടെന്‍ഡര്‍ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കുമെന്നും സന്തോഷ് ബാബു അറിയിച്ചു.

സ്വകാര്യകമ്പനികള്‍ കൈയടക്കിയിരുന്ന മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനാണ് തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  20 ലക്ഷം കുടുംബത്തിന് സൗജന്യ കണക്ഷന്‍ ലഭ്യമാക്കും. ബാക്കി വീടുകള്‍ക്കും സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന കണക്ഷന്റെ പ്രതിമാസ വാടക കെ ഫോണിന് വരുമാനമാകും.

പ്രവര്‍ത്തനത്തില്‍ കെ ഫോണിനെ പൂര്‍ണമായും സ്വയംപര്യാപ്തമാക്കും. 340 കോടി രൂപ പ്രതിവര്‍ഷ പദ്ധതി നടത്തിപ്പ് ചെലവുണ്ടാകാം. ഇത്  പദ്ധതിയില്‍നിന്ന് കണ്ടെത്താനുള്ള ധനാഗമന മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന് വര്‍ഷം 200 കോടി രൂപ സര്‍ക്കാരില്‍നിന്ന് കെ ഫോണ്‍ ആവശ്യപ്പെടും. വര്‍ഷം 450 കോടി രൂപവരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇന്റര്‍നെറ്റ്, ഇന്‍ട്രാനെറ്റ് വാടക നല്‍കുന്നതായാണ് കണക്ക്.  അഞ്ചും ആറും സ്വകാര്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍വരെ കെ ഫോണിലേക്ക് മാറേണ്ടിവരും. 

കെ സ്വാന്‍ ശൃംഖലയില്‍ ഉപയോഗിക്കുന്ന കെ ഫോണ്‍ സേവനം ഗുണമേന്മ ഉയര്‍ന്നതാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ആറ് കലക്ട്രേറ്റില്‍ കെ സ്വാനെ കെ ഫോണുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. അധികമുള്ള ബാന്‍ഡ്വിത്ത് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കും.  ഐടി  സെക്രട്ടറി കണ്‍വീനറായ ആറംഗ സമിതിയാണ് കെ ഫോണ്‍ ധനാഗമന മാര്‍ഗങ്ങള്‍ രൂപീകരിച്ചത്.  പദ്ധതി പരിപാലന ചുമതല കെ- ഫോണ്‍ ലിമിറ്റഡിനായിരിക്കും. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറംസേവനം ഉറപ്പാക്കുന്ന പ്രൊപ്രൈറ്റര്‍ മോഡലാണ് കെ ഫോണ്‍ പദ്ധതിക്ക് സ്വീകരിക്കുന്നത്.




0/Post a Comment/Comments