വില്ലന്‍ ഇഡ്ഡലിയല്ല; ഗൃഹനാഥന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍; കടലക്കറിയില്‍ വിഷം കലര്‍ത്തി



തൃശൂര്‍: അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആയുര്‍വേദ ഡോക്ടറായ മകന്‍ മയൂര്‍നാഥനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്ബാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച്‌ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചത് ഞായറാഴ്ചയായിരുന്നു.
കടലക്കറിയില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്ന് മയൂര്‍നാഥന്‍ പൊലീസിനോട് പറഞ്ഞു. ശശീന്ദ്രനൊപ്പം ഭക്ഷണംകഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്ബില്‍ തെങ്ങുകയറാനെത്തിയ തൊഴിലാളികളായ തണ്ടിലംപറമ്ബില്‍ ശ്രീരാമചന്ദ്രന്‍ (55), മുണ്ടൂര്‍ ആണ്ടപ്പറമ്ബ് വേടരിയാട്ടില്‍ ചന്ദ്രന്‍ (60) എന്നിവരും രക്തം ഛര്‍ദിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

അച്ഛനോടും രണ്ടാനമ്മയോടും തോന്നിയ പകയാണ് വിഷം കലര്‍ത്തിയതിനു പിന്നില്‍. ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി വിഷം തയാറാക്കുകയായിരുന്നുവെന്നാണ് മയൂര്‍നാഥന്റെ മൊഴി.

അടുത്തിടെ കുടല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ മയൂര്‍നാഥ് പ്രത്യേകം തയാറാക്കിയ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്നാണ് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസിനോടു പറഞ്ഞത്. മറ്റുള്ളവര്‍ കഴിച്ച പ്രഭാതഭക്ഷണം മയൂര്‍നാഥ് കഴിക്കാതിരുന്നത് അതുകൊണ്ടാണെന്ന വിശദീകരണത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസില്‍ വഴിത്തിരുവുണ്ടായത്.







0/Post a Comment/Comments