ഭീകരവാദ സ്വഭാവം തള്ളിക്കളയാനാകില്ല; ആസൂത്രണവും ഗൂഢാലോചനയും നടന്നു; ട്രെയിന്‍ തീവെയ്പില്‍ എന്‍ഐഎയുടെ റിപ്പോര്‍ട്ട്
കോഴിക്കോട്:  എലത്തൂര്‍ ട്രെയിന്‍ തീവെയ്പില്‍ ആസൂത്രണവും ഗൂഢാലോചനയും നടന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി. എന്‍ഐഎ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി. തീ വെയ്പില്‍ ഭീകരവാദ സ്വഭാവം തള്ളിക്കളയാനാകില്ല. കേരളത്തിന് പുറത്തും അന്വേഷണം വേണമെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്‍ഐഎയുടെ കൊച്ചി, ചെന്നൈ യൂണിറ്റുകള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 


കേസ് അന്വേഷിക്കുന്ന സംസ്ഥാന പൊലീസ്, കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍, ഡല്‍ഹി പൊലീസ്, മഹാരാഷ്ട്ര എടിഎസ് എന്നിവയുമായി നടത്തിയ ആശയവിനിമയത്തിന്റെയും, എന്‍ഐഎ നടത്തിയ അന്വേഷണവും ക്രോഡീകരിച്ചാണ് പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുള്ളത്. എലത്തൂരിലെ ട്രെയിനിലെ തീവെയ്പ് ഏതെങ്കിലും ഒരു വ്യക്തിക്ക് പെട്ടെന്നുണ്ടായ പ്രേരണയുടെ അടിസ്ഥാനത്തിലുണ്ടായ ആക്രമണമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 


ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ട്. ഇത് അന്വേഷിക്കണം. ആക്രമണത്തിന് ഏതെങ്കിലും ഭീകരസംഘടനകളുടേയോ, ഭീകര കൂട്ടായാമകളുടേയോ പിന്തുണയോ സഹായമോ ലഭിച്ചിട്ടുണ്ടോ എന്നത് പൂര്‍ണമായി തള്ളിക്കളയാനാകില്ല. പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫിയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, സോഷ്യല്‍ മീഡിയ ചാറ്റുകള്‍, സെയ്ഫിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുമ്പോള്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് വ്യക്തമാകുന്നത്. 


അതുകൊണ്ടു തന്നെ കേരളത്തിന് അകത്തു മാത്രം അന്വേഷണം ഒതുങ്ങിനില്‍ക്കുന്നതല്ല. കേരളത്തിനു പുറത്തും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. യുപി, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട് എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേസന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കണോ എന്നതില്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുക. ചിലരുടെ പ്രേരണയാലാണ് താന്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്ന് ഷാറുഖ് മഹാരാഷ്ട്ര എടിഎസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.


0/Post a Comment/Comments