സി.പി.എം. ഗൃഹസന്ദർശന പരിപാടി ഇന്ന് തുടങ്ങും

 
കണ്ണൂർ: എൽ.ഡി.എഫ്. സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ജില്ലയിൽ സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ വ്യാഴാഴ്ച മുതൽ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അറിയിച്ചു. 4500 സ്ക്വാഡുകളാണ് പരിപാടിയിൽ പങ്കെടുക്കുക.

നേതാക്കളും പ്രവർത്തകരും പരിപാടിയുടെ ഭാഗമാകും. ജനക്ഷേമഭരണത്തിന്‍റെ രണ്ടാമൂഴത്തിൽ നേട്ടങ്ങളുടെ രണ്ടുവർഷത്തെ വികസനപ്രവർത്തനങ്ങൾ ജനങ്ങളുടെ മുൻപിൽ വിശദീകരിക്കും. അർഹതപ്പെട്ട 40,000 കോടി രൂപ നൽകാതെ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് ചെയ്തത്.

എന്നിട്ടും ഒരു ദിവസം പോലും ട്രഷറി പൂട്ടാതെ എൽ.ഡി.എഫ്. സർക്കാർ ജനങ്ങൾക്കൊപ്പം നിന്നു. വികസനക്കുതിപ്പിൽ കേരളം മുന്നോട്ടുപോകുമ്പോൾ കണ്ണൂരും അതിനൊപ്പം മുന്നേറുകയാണ്. രണ്ടാംവാർഷികത്തിന്‍റെ ഭാഗമായി 119 പദ്ധതികളാണ് കണ്ണൂർ ജില്ലയിൽ മന്ത്രിമാർ ഉദ്ഘാടനം ചെയ്തത്.

ഇനിയും ചില പദ്ധതികൾ കൂടി ഉദ്ഘാടനംചെയ്യാനുണ്ട്. എൽ.ഡി.എഫ്. സർക്കാരിനെ തകർക്കാൻ യു.ഡി.എഫും ബി.ജെ.പി.യും കിണഞ്ഞ് പരിശ്രമിക്കുകയാണ്. അതിനെതിരേ ജനകീയ പ്രതിരോധം തീർക്കുക എന്നതും ഗൃഹസന്ദർശനത്തിന്‍റെ ലക്ഷ്യമാണ് -പത്രക്കുറിപ്പിൽ അറിയിച്ചു.


0/Post a Comment/Comments