പ്ലാസ്റ്റിക്കിന്റെ പേരിലുള്ള വ്യാപാരി പീഢനം അവസാനിപ്പിക്കണം:രാജു അപ്സര


നോട്ടുനിരോധനവും, പ്രളയവും, കോവിഡും മൂലം തകർന്ന വ്യാപാര മേഖല ആകെ പ്രതീക്ഷയായിട്ടുള്ളത് ആഘോഷ ദിനങ്ങളായ ഈസ്റ്ററും, വിഷുവും, പെരുന്നാളുമാണ്. സർക്കാർ ഈ ആഘോഷ ദിനങ്ങളിൽ കടകളിൽ കയറി പ്ലാസ്റ്റിക്കിന്റെ പേരിൽ വ്യാപാരി പീഢനം തുടർന്നാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര പ്രഖ്യാപിച്ചു.

ഒരു പ്രതിഫലവും ഇല്ലാതെ കോടിക്കണക്കിന് രൂപ ജി.എസ്.ടി ഇനത്തിലും, സർക്കാർ വർദ്ധിപ്പിച്ച പലതരത്തിലുള്ള നികുതിയും നൽകി വ്യാപാരം ചെയ്യുന്ന വ്യാപാരികളെ ഈ ഉത്സവ സീസണിൽ ദ്രോഹിച്ച് ഖജനാവ് നിറക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കണ്ടു വരുന്നത്. കണ്ണൂരിൽ ഒരു സ്ഥാപനത്തിൽ നിന്ന് 2 പ്ലാസ്റ്റിക്ക് കവറുകൾ കണ്ടെടുത്ത് എന്ന് പറഞ്ഞ് പതിനായിരം രൂപ പിഴ ഈടാക്കാനുള്ള മനുഷ്യത്വരഹിതമായ പ്രവർത്തിയാണ് നാം കണ്ടത്.

സർക്കാർ നിരോധിച്ച ഉൽപന്നങ്ങൾ ഉപഭോക്താക്കളുടെ കയ്യിൽ കണ്ടാൽ പിഴ ഈടാക്കുന്നില്ല, അത്തരം ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥലത്ത്  നിരോധിക്കുന്നതിനു പകരം വ്യാപാരികളെ മാത്രം ദ്രോഹിക്കുന്ന നടപടിയാണ് കണ്ടു വരുന്നത്. നിരോധിച്ച പ്ലാസ്റ്റിക്കിനു പകരം ബദൽ സംവ്വിധാനവും ഏർപ്പെടുത്താതെ കട പരിശോധന നടത്തി വ്യാപാരികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരെ തടയാൻ വ്യാപാരികൾ നിർബന്ധിതരാകും എന്നും അദ്ദേഹം അറിയിച്ചു.
0/Post a Comment/Comments