കണ്ണൂരിൽ ജനനി ഇൻഫെർട്ടലിറ്റി സെന്റർ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും: മന്ത്രി വീണാ ജോർജ്


കണ്ണൂരിൽ ജനനി ഇൻഫെർട്ടിലിറ്റി സെന്ററിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ചാലക്കുന്നിലാണ് ഇൻഫെർട്ടിലിറ്റി സെന്റർ നിർമ്മിക്കുന്നത്. ജില്ലാ ഹോമിയോപ്പതി ആശുപത്രിയുടെ 'ജനനി' പദ്ധതിയിലൂടെ അനുഗ്രഹീതരായ മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

വന്ധ്യതാ നിവാരണ ചികിത്സാരംഗത്ത് ഹോമിയോപ്പതിയുടെ സാധ്യതകൾ ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി ഹോമിയോപ്പതി വകുപ്പ് കണ്ണൂർ ജില്ലയിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ജനനി. അനന്തമായ സാധ്യതകളാണ് ആയുഷ് മേഖലയിൽ ഇന്നുള്ളത്. ജനനി പദ്ധതി ആയുഷ് മേഖലയിൽ കൂടുതൽ ഊർജമാണ് നൽകുന്നത്. 

ആരോഗ്യ സംരക്ഷണത്തിലും ചികിത്സയിലും പ്രതിരോധത്തിലും സുപ്രധാനമായ വളർച്ച ഇന്ന് ആയുഷ് മേഖലയിൽ ഉണ്ടായിട്ടുണ്ട്. ഈ മേഖലയിൽ ഗവേഷണങ്ങൾക്ക് കൂടുതൽ സാധ്യതകൾ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ഇന്ന് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജനനി പദ്ധതിയിലൂടെ സംസ്ഥാനത്ത് 2688 കുടുംബങ്ങളുടെ കുഞ്ഞെന്ന സ്വപ്നം പൂവണിയാൻ സാധിച്ചു. ഇതിൽ കണ്ണൂരിൽ മാത്രം 690 കുഞ്ഞുങ്ങൾ ജനനി വഴി ജനിച്ചു. 2012-13 വർഷത്തിൽ കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ 'അമ്മയും കുഞ്ഞും ' എന്ന പേരിൽ ആരംഭിച്ച പദ്ധതി 2017 ൽ 'ജനനി' എന്ന് പുനർനാമകരണം ചെയ്തു. 

വർഷങ്ങളായുള്ള കാത്തിരിപ്പും വന്ധ്യതാ ചികിത്സയുടെ വലിയ സാമ്പത്തിക ചിലവും താങ്ങാത്ത സാധാരണക്കാരായ ആളുകൾക്ക് പ്രത്യാശയും പ്രതീക്ഷയും നൽകി സാന്ത്വന സ്പർശമായി തലയുയർത്തി നിൽക്കാൻ ഈ പദ്ധതിക്ക് ജില്ലയിൽ കഴിഞ്ഞു. വേൾഡ് വിഷൻ ന്യൂസ്. വന്ധ്യത കൂടാതെ കൗമാരക്കാരുടെ ആർത്തവ പ്രശ്‌നങ്ങളും മുതിർന്ന സ്ത്രീകളുടെ ഫൈബ്രോയിഡ് തുടങ്ങിയ രോഗങ്ങളും ഈ ഒ പിയിൽ കൈകാര്യം ചെയ്തു വരുന്നു. ഐ പി യിൽ അഡ്മിറ്റ് ചെയ്തുള്ള ചികിത്സയും നൽകി വരുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം എൻ വിജയാംബിക റിപ്പോർട്ട് അവതരിപ്പിച്ചു. ജനനി മാതൃസംഗമത്തോടനുബന്ധിച്ച് ഇതോടനുബന്ധിച്ച് ജില്ലാ ഹോമിയോപ്പതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴസൻമാരായ അഡ്വ. രത്‌നകുമാരി വി കെ സുരേഷ് ബാബു, വാർഡ് കൗൺസിലർ കെ പി അൻവർ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി അബ്ദുസ്സലാം, ജനനി സ്റ്റേറ്റ് മോഡൽ ഓഫീസർ ഡോ. ബിജു കുമാർ ദാമോദരൻ, നാഷണൽ ആയുഷ് മിഷൻ കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ സി അജിത് കുമാർ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്ലത്തീഫ്, ഡോ. ബി ജെ സോണി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

0/Post a Comment/Comments