അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്; കനത്ത സുരക്ഷയിൽ മണ്ണാർക്കാട് കോടതി


പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് വിധി പറയും. മണ്ണാർക്കാട് എസ്‌സി- എസ്ടി കോടതിയാണ് കേസിൽ വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിനൊടുവിലാണ് വിധി പറയാൻ ഒരുങ്ങുന്നത്. കനത്ത സുരക്ഷയിലാണ് മണ്ണാർക്കാട് കോടതി പരിസരം.

അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയാൻ ഒരുങ്ങുന്നത്. ഒറ്റപ്പെടുത്തലുകളും ഭീഷണികളും മറികടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ മധുവിന്റെ കുടുംബം നടത്തിയ പോരാട്ടമാണ് വിധിയിലേക്കെത്തുന്നത്. 

കേസിൽ 16 പേരാണ് പ്രതികൾ. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.  

കേസിന്റെ അന്തിമ വാദം മാർച്ച് പത്തിന് പൂർത്തിയായി. പ്രോസിക്യൂട്ടർമാർ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. 18 ന് വിധി പറയും എന്നായിരുന്നു ആദ്യം കോടതി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസങ്ങളാൽ കേസിലെ വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

കൂറുമാറിയ വനം വകുപ്പിലെ താത്കാലിക ജീവനക്കാരായ നാല് പേരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ ചില സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി.

0/Post a Comment/Comments