യ്യോ...ബ്രേക്ക് എവിടെ?, ബ്രേക്ക് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും?; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്


തിരുവനന്തപുരം:  ഡ്രൈവിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ മനസ്സാന്നിധ്യം വീണ്ടെടുക്കണമെന്ന് കേരള പൊലീസ്. ഭയവും പരിഭ്രാന്തിയും കൂടുതല്‍  അപകടത്തിലേക്ക് നയിക്കും. അതിനാല്‍ മനസ്സാന്നിധ്യം വീണ്ടെടുത്ത് വാഹനം സുരക്ഷിതമായി നിര്‍ത്താനുള്ള വഴിയാണ് ആലോചിക്കേണ്ടതെന്നും കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.


*കുറിപ്പ്:*

ഡ്രൈവിങ്ങിനിടയില്‍ ബ്രേക്ക് നഷ്ടപ്പെട്ടാല്‍ ? 

വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ മനസാന്നിധ്യം വീണ്ടെടുക്കുക. ഭയവും പരിഭ്രാന്തിയും കൂടുതല്‍  അപകടത്തിലേക്ക് നയിക്കും.  ആക്‌സിലറേറ്റര്‍ പെഡല്‍ സ്വതന്ത്രമാക്കുക. 

ബ്രെക്ക് പെഡല്‍ ചവിട്ടിയിട്ട് താഴുന്നില്ലെങ്കില്‍ ചിലപ്പോള്‍ ബ്രേക്കിംങ് സംവിധാനത്തിനായിരിക്കും പ്രശ്‌നം.   ബ്രേക്ക് പെഡലിനിടയ്ക്ക് മറ്റു തടസ്സങ്ങളിലല്ല  എന്നുറപ്പാക്കുക. 

ബ്രേക്ക് പെഡല്‍ ആവര്‍ത്തിച്ചു ചവിട്ടിയാല്‍ ബ്രേക്കിംങ് സമ്മര്‍ദ്ദം താല്‍കാലികമായി വീണ്ടെടുക്കാന്‍ സാധിക്കും.  ശക്തമായി ബ്രേക്ക് പെഡല്‍ ചവിട്ടി പമ്പ് ചെയ്യുക.  ആവശ്യത്തിന് മര്‍ദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ ബ്രേക്ക് പൂര്‍ണമായും ചവിട്ടുക. 

മണിക്കൂറില്‍ അഞ്ചു മുതല്‍ പത്തു കിലോമീറ്റര്‍ വേഗത വരെ കുറയ്ക്കാന്‍ എഞ്ചിന്‍ ബ്രേക്കിംഗിന്  സാധിക്കും. താഴ്ന്ന ഗിയറിലേക്കു മാറി വാഹനത്തിന്റെ വേഗത കുറയ്ക്കുന്ന രീതിയാണ് ഇത്.   ആദ്യം ഒന്നോ, രണ്ടോ ഗിയര്‍ ഡൌണ്‍ ചെയ്യുക. വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് മാറരുത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാം.

അമിത വേഗത്തില്‍ ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കരുത്. വേഗത 20 കിലോമീറ്ററില്‍ താഴെ ആയതിനു ശേഷം മാത്രം ഹാന്‍ഡ്‌ബ്രേക്ക് വലിക്കുക.

ലൈറ്റിട്ടും ഹോണ്‍ മുഴക്കിയും റോഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് അപകട സൂചന നല്‍കുക.





0/Post a Comment/Comments