മാലിന്യ യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്ന് വസ്തു നികുതിക്കൊപ്പം പണം ഈടാക്കും: മന്ത്രി എംബി രാജേഷ്


കൊച്ചി: മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്ന് വസ്തു നികുതിക്കൊപ്പം പണം ഈടാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ഇതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയിട്ടുണ്ട്.  കൊച്ചിയിലെ മാലിന്യ സംസ്കരണത്തില്‍ ജൂണ്‍ അഞ്ചിനുള്ളില്‍ പ്രകടമായ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. 

കൊച്ചിയിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ന​ഗരത്തിലെ  തെരുവുകൾ വൃത്തിയാക്കി സൗന്ദര്യവൽക്കരിക്കുന്നതിന് സംഘടനകളുടെ സഹകരണം തേടിയിട്ടുണ്ട്. വിവിധ സംഘടനകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

മാലിന്യം തള്ളുന്നതിനെതിരെ ബോധവല്‍ക്കണം കൊണ്ടുമാത്രം ഫലമില്ല. അനുഭവം അതാണ് നമുക്കു മുന്നിലുള്ളത്. അതുകൊണ്ടു തന്നെ കാമറ സർവൈലൻസ് ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ന​ഗരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി 100 കാമറ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

പൊലീസ് നിരീക്ഷണം ശക്തമാക്കും. രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കും. മാലിന്യങ്ങൾ തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഏതു വാഹനത്തിൽ വന്ന് മാലിന്യം തള്ളിയാലും ആ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു.





0/Post a Comment/Comments