കൊച്ചി: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന സംഭവം സംസ്ഥാനത്ത് വ്യാപകമാകുന്നു. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പണം കൈമാറ്റം നടത്തിയവരുടെ ബാങ്ക് അക്കൗണ്ടുകളാണ് വ്യാപകമായി മരവിപ്പിക്കുന്നത്. കേരളത്തിൽ രണ്ടായിരത്തിലേറെപ്പേരുടെ ബാങ്ക് അക്കൗണ്ടുകളാണ് ആഴ്ചകൾക്കിടയിൽ മരവിപ്പിച്ചെതെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായ നടപടിയിൽ നിരവധി പേരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിദേശങ്ങളിൽ നിന്ന് അനധികൃതമാർഗങ്ങളിൽ പണമയയ്ക്കുന്നവർ, ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നടത്തുന്നവർ, ഓൺലൈനിലൂടെ പണംസ്വീകരിക്കുന്ന ചെറുകിടവ്യാപാരികൾ എന്നിവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സാമ്പത്തിക തട്ടിപ്പുകൾ തടയാനായി ആരംഭിച്ച ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലെത്തുന്ന പരാതികളെ തുടർന്നാണ് നടപടി. ഈ പോർട്ടലിൽ തട്ടിപ്പിനിരയായ വ്യക്തി പരാതി സമർപ്പിച്ചാൽ ആ സംസ്ഥാനത്തെ പൊലീസിനെ വിവരം അറിയിച്ച് തുടർനടപടികൾ എടുക്കും.
പണം തട്ടിയെടുക്കുന്നവർ അത് അപ്പോൾതന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് പതിവാണ്. ഇതേ തുടർന്നാണ് അതേ അക്കൗണ്ടിൽനിന്ന് പണം കൈമാറിയ അക്കൗണ്ടുകളും മരവിപ്പിക്കുന്നത്. തട്ടിപ്പുകാർ തുക സുരക്ഷിതമാക്കാനായി ഉത്പന്നങ്ങളോ മറ്റും വാങ്ങുകയും ചെയ്യാറുണ്ട്. അത്തരത്തിൽ പണം കൈമാറുന്ന അക്കൗണ്ടും മരവിപ്പിക്കുന്ന അവസ്ഥയാണിപ്പോൾ. യുപിഐ വഴി പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകൾ മാത്രമല്ല നെഫ്റ്റ്, ആർടിജിഎസ്, അക്കൗണ്ട് ട്രാൻസ്‌ഫർ, ചെക്ക് തുടങ്ങിയവയിലൂടെ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകളും മരവിപ്പിക്കപ്പെടുന്നുണ്ട്.
അക്കൗണ്ട് മരവിപ്പിച്ചത് നീക്കം ചെയ്യാനായി തങ്ങളുടെ അക്കൗണ്ടിൽ പണംവന്നത് എന്ത് ആവശ്യത്തിനാണെന്ന് ബോധ്യപ്പെടുത്തുന്ന രേഖകളും തിരിച്ചറിയൽ രേഖകളും സഹിതം പരാതിക്കാരന്റെ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം. എന്നാൽ ഇത് മറ്റ് ഏതെങ്കിലും സംസ്ഥാനമായാൽ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവർ ദുരിതത്തിലാവും.
ഈ രേഖകൾ തങ്ങളുടെ പൊലീസ് സ്റ്റേഷനിൽ തന്നെ ബോധ്യപ്പെടുത്താനുള്ള സംവിധാനം വേണമെന്നാണ് ആവശ്യം ഉയരുന്നത്. വേൾഡ് വിഷൻ ന്യൂസ്. പരിചയമില്ലാത്തവരുടെ കൈയ്യിൽ നിന്നും പണം സ്വീകരിക്കാതിരിക്കുക, വ്യാപാരാവശ്യങ്ങൾക്ക് കറന്റ് അക്കൗണ്ട് മാത്രം ഉപയോഗിക്കുക, ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കാനും മറ്റ് വ്യാപാര ഇടപാടുകൾക്കും സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതിരിക്കുക, വിദേശങ്ങളിൽ നിന്ന് നാട്ടിലെ ബന്ധുക്കൾക്ക് പണം അയക്കുമ്പോൾ മണി എക്സ്‌ചേഞ്ച് സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയ അംഗീകൃതമാർഗങ്ങൾമാത്രം ഉപയോഗിക്കുക എന്നീ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിലൂടെ മാത്രമേ തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കുകയുളളൂവെന്ന് മുന്നറിയിപ്പുണ്ട്.
Post a Comment