തിരുവനന്തപുരം
കേരളത്തിൽ എവിടെയും 16 മണിക്കൂറിനകം കൊറിയർ എത്തിക്കാനൊരുങ്ങി കെഎസ്‌ആർടിസി. കഴിഞ്ഞയാഴ്ച നടത്തിയ പരീക്ഷണ സർവീസിലാണ് സമയലാഭം കണ്ടെത്തിയത്. മുമ്പ് 24 മണിക്കൂറാണ് നിശ്‌ചയിച്ചിരുന്നത്. കെഎസ്‌ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സിന്റെ പേരിൽ ജൂൺ രണ്ടാംവാരം 55 ഡിപ്പോയിൽ സർവീസ് തുടങ്ങും. ആദ്യഘട്ടത്തിൽ ഡിപ്പോയിൽനിന്ന് ഡിപ്പോയിലേക്കാണ് സാധനങ്ങളും കവറുകളും എത്തിക്കുക. ലോഗോയും സോഫ്‌റ്റ്‌വെയറും തയ്യാറാക്കി. ബംഗളൂരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ എന്നിവിടങ്ങളിലേക്കും സർവീസ് ഉണ്ടാകും. ഡിപ്പോകളിൽ ഇതിനായി ഫ്രണ്ട് ഓഫീസ് തുറക്കും. അയക്കുന്നയാൾ തിരിച്ചറിയൽ രേഖ കരുതണം. സാധനങ്ങൾ പാക്ക് ചെയ്‌ത് എത്തിക്കണം. അയക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും മൊബൈൽ ഫോണിൽ എസ്‌എംഎസ് ലഭിക്കും. സാധനങ്ങൾ മൂന്നുദിവസത്തിനകം സ്വീകരിക്കണം.
നഗരങ്ങളിലെയും ദേശീയപാതയ്‌ക്ക് സമീപമുള്ള ഡിപ്പോകളിലും 24 മണിക്കൂറും സേവനം ലഭ്യമാകും. ഉൾപ്രദേശങ്ങളിലെ ഡിപ്പോകളിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ. തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് ആറുമണിക്കൂറിനകവും തൃശൂരിൽ എട്ടുമണിക്കൂറിനകവും പാഴ്‌സൽ എത്തിക്കും. കൊറിയർ കൊണ്ടുപോകുന്ന ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കും ഇൻസെന്റീവ് നൽകും. രണ്ടാംഘട്ടത്തിൽ വാതിൽപ്പടി സേവനം ആരംഭിക്കും. ഉൾപ്രദേശങ്ങളിൽ ഫ്രാഞ്ചൈസി തുടങ്ങും. സ്വകാര്യ കൊറിയർ സർവീസുമായി താരതമ്യം ചെയ്യുമ്പോൾ പത്തുമുതൽ ഇരുപത് ശതമാനംവരെ നിരക്കിൽ കുറവുണ്ടാകും.
Post a Comment