ഗോ ഫസ്റ്റ് 18 വരെയുള്ള സര്‍വിസുകള്‍ റദ്ദാക്കി




കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് ഈ മാസം 18 വരെയുള്ള സര്‍വിസുകള്‍ റദ്ദാക്കി.

ഈ ദിവസങ്ങളില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് കാന്‍സലേഷന് സൗകര്യം ഉണ്ട്. എന്നാല്‍, തുക മടക്കി നല്‍കല്‍ ആരംഭിച്ചിട്ടില്ല. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതാണ് വിമാന സര്‍വിസ് റദ്ദാക്കാന്‍ കാരണം.

ഈ മാസാദ്യം മുതലാണ് സര്‍വിസുകള്‍ അനിശ്ചിതത്വത്തിലായത്. മേയ് മൂന്നുമുതല്‍ അഞ്ചുവരെയാണ് ആദ്യം സര്‍വിസുകള്‍ റദ്ദാക്കിയത്. തുടര്‍ ദിവസങ്ങളില്‍ സര്‍വിസ് ആരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അടുത്ത ഘട്ടത്തില്‍ ഒമ്ബതുവരെയും പിന്നീട് 18 വരെയും നീട്ടുകയായിരുന്നു. 

കുവൈത്തില്‍നിന്ന് കണ്ണൂരിലേക്കും തിരിച്ചും പ്രവാസികളുടെ പ്രധാന ആശ്രയമാണ് ഗോ ഫസ്റ്റ്. കുവൈത്തില്‍നിന്ന് കണ്ണൂരിലേക്ക് ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ഗോ ഫസ്റ്റ് സര്‍വിസുകള്‍ നടത്തിയിരുന്നു. അവധിക്കാലം വരാനിരിക്കെ നിരവധിപേര്‍ ഈ വിമാനത്തിന് കുവൈത്തില്‍നിന്ന് മുന്‍കൂട്ടി ടിക്കറ്റ് എടുത്തിട്ടുണ്ട്. 

തുടര്‍ച്ചയായി സര്‍വിസുകള്‍ റദ്ദാക്കിയതോടെ പൂര്‍ണമായും നിലച്ചുപോകുമോ എന്ന ആശങ്കയിലാണ് കുവൈത്തിലെ കണ്ണൂര്‍ സ്വദേശികള്‍. ഗോ ഫസ്റ്റിന് പുറമെ ആഴ്ചയില്‍ ഒരുദിവസം മാത്രമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുവൈത്തില്‍നിന്ന് കണ്ണൂരിലേക്ക് സര്‍വിസുള്ളത്. 

അതേസമയം, ഗോ ഫസ്റ്റ് സര്‍വിസ് നിലച്ചതോടെ കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന് തിരക്കേറി. വ്യാഴാഴ്ചകളില്‍ കണ്ണൂരിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യയിലെ ഈ ആഴ്ചയിലെ ടിക്കറ്റുകള്‍ തീര്‍ന്നു. മേയ് പകുതിയോടെ നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടുന്നതോടെ ടിക്കറ്റിന് ക്ഷാമം നേരിടും. ഗോ ഫസ്റ്റ് അനിശ്ചിതത്വം തുടരുന്നതിനാല്‍ എയര്‍ ഇന്ത്യ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കണ്ണൂരിലേക്ക് ചെന്നൈ, മുംബൈ വഴി ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വിസുണ്ട്. പണച്ചെലവും സമയനഷ്ടവും ഉള്ളതിനാല്‍ ഇവ ആരും തിരഞ്ഞെടുക്കാറില്ല. ഗോ ഫസ്റ്റ് സര്‍വിസ് നിലച്ചാല്‍ എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചില്ലെങ്കില്‍ ഇത്തരം മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് കണ്ണൂര്‍ സ്വദേശികള്‍ പറയുന്നു. വന്‍ നഷ്ടവും സാങ്കേതിക പ്രശ്നങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമായി ഗോ ഫസ്റ്റ് വിമാനക്കമ്ബനി അധികൃതര്‍ പറയുന്നത്.


0/Post a Comment/Comments