രാജ്യത്ത് വിനിമയത്തില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് റിസര്‍വ് ബാങ്ക്


ന്യൂഡല്‍ഹി: രാജ്യത്ത് വിനിമയത്തില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് റിസര്‍വ് ബാങ്ക്. നിലവില്‍ 2000 രൂപ നോട്ട് ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ സെപ്റ്റംബര്‍ 30 വരെ മാത്രമേ നോട്ടിന് പ്രാബല്യം ഉണ്ടാവുകയുള്ളൂ. 30നകം ബാങ്കുകളില്‍ എത്തി 2000 രൂപ നോട്ടുകള്‍ ജനം മാറ്റിയെടുക്കണമെന്നും റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു.

2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയായിരുന്നു 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് എന്നാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം.

നിലവില്‍ 2000 രൂപ നോട്ട് ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ സെപ്റ്റംബര്‍ 30 വരെ മാത്രമേ നോട്ടുകള്‍ക്ക് പ്രാബല്യം ഉണ്ടാവുകയുള്ളൂ. അതിനകം ചില്ലറ നോട്ടുകളായി 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കണമെന്നും റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു.

ബാങ്ക് ശാഖകളില്‍ പോയി നോട്ടുകള്‍ മാറാവുന്നതാണ്. ബാങ്കുകള്‍ 2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. മെയ് 23 മുതല്‍ ഒരു ബാങ്കില്‍ നിന്ന് ഒരേസമയം 20000 രൂപ വരെ മാത്രമേ മാറ്റിയെടുക്കാന്‍ സാധിക്കൂ. ആര്‍ബിഐയുടെ 19 റീജിണല്‍ ഓഫീസുകളിലും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സൗകര്യം ഒരുക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ ലക്ഷ്യം കൈവരിച്ചതായും റിസര്‍വ് ബാങ്ക് അറിയിച്ചു. 2018ല്‍ 6.73 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് വിതരണത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 3.62 കോടി മൂല്യമായി താഴ്ന്നു. രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം നോട്ടുകളുടെ 10.8 ശതമാനം മാത്രമാണിതെന്നും റിസര്‍വ് ബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നു.

0/Post a Comment/Comments