ശുചിത്വ ഹര്‍ത്താല്‍ ഒരൊറ്റ ദിവസം ശേഖരിച്ചത് 247 ടണ്‍ മാലിന്യം


കണ്ണൂർ: ഏപ്രില്‍ 30 ന്റെ ഒരൊറ്റ ദിവസത്തെ ശുചിത്വ ഹര്‍ത്താലില്‍ മാത്രം ജില്ല ശേഖരിച്ചത് 247 ടണ്‍ മാലിന്യം. മുഴുവന്‍ അജൈവ മാലിന്യങ്ങളും ക്ലീന്‍ കേരള കമ്പനിയാണ് നീക്കം ചെയ്യുന്നത്. മെയ് ഒന്ന് മുതല്‍ ഇവ നീക്കം ചെയ്തു തുടങ്ങി. 

26,317 പേരാണ് ശുചിത്വ ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയത്. മട്ടന്നൂരിലാണ് ഏറ്റവും അധികം പേര്‍ അണിചേര്‍ന്നത്. നഗരസഭയില്‍ നടന്ന ശുചിത്വ ഹര്‍ത്താലില്‍ മെഗാ ശുചീകരണ യജ്ഞത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 1214 പേര്‍ അണിചേര്‍ന്നു.  

എട്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡുകളുടെ ഇരുവശങ്ങളും ബസ് സ്റ്റാന്റ്, മുനിസിപ്പല്‍ ഷോപ്പിങ്ങ് കോംപ്ലക്‌സ്, താലൂക്ക് ആശുപത്രി, വിവിധ ഓഫീസുകള്‍ എന്നിവയും ശുചീകരണം നടത്തി. 

എട്ട് ടണ്ണോളം തരം തിരിച്ച മാലിന്യങ്ങളും ആറ് ടണ്ണോളം തരം തിരിക്കാത്ത മാലിന്യങ്ങളും ശേഖരിച്ചു. 163 മാലിന്യ കൂനകളാണ് എപ്രില്‍ 30 ന് ഒറ്റൊറ്റ ദിനത്തില്‍ ജില്ലയിലാകെ പൂര്‍ണമായും ശുചീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റെല്ലാ വിഭാഗം ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി ബഹുമുഖ വ്യക്തിത്വങ്ങളെല്ലാം ശുചിത്വ ഹര്‍ത്താലില്‍ ശുചീകരണത്തിനിറങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കളക്ടര്‍ എന്നിവര്‍ നാറാത്ത് ഗ്രാമ പഞ്ചായത്തിലായിരുന്നു രംഗത്തിറങ്ങിയത്.




0/Post a Comment/Comments