കല്ലുവയലിൽ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവം മോഷ്ടാക്കള്‍ അറസ്റ്റില്‍

ഇരിട്ടി: ഉളിക്കല്‍ കല്ലുവയലിൽ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മോഷ്ടാക്കൾ അറസ്റ്റിൽ. കൊല്ലം സ്വദേശി എസ്. അഭിരാജ് (31), കാസര്‍ഗോട് ഉപ്പള സ്വദേശി കെ. കിരണ്‍ (29) എന്നിവരെയാണ് ഇരിക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ  ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താന്‍ കുന്നേല്‍ ബെന്നി ജോസഫിന്റെ വീട്ടില്‍ ആയിരുന്നു മോഷണം നടന്നത്. ബെന്നിയും കുടുംബവും  പള്ളിയിൽ പോയി തിരിച്ചു വരുന്നതിനിടെ രാവിലെ 7 മണിക്കും 9 മണിക്കും ഇടയിലായിരുന്നു മോഷണം. വീട് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ 20 പവൻ സ്വർണ്ണവും 22,000 രൂപയുമാണ് കവർന്നത്. ഒപ്പം നിരീക്ഷണ ക്യാമറയുടെ ഡി വി ആറും മോഷ്ടാക്കൾ കൊണ്ടുപോയി. 
  ഇരിക്കൂര്‍ പ്രിന്‍സിപ്പല്‍ എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിലാണ് 20 മണിക്കൂറിനുള്ളില്‍ മോഷ്ടാക്കളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.  വീട്ടുടമയുടെ പരാതിയെ തുടർന്ന് ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗസ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിനിടയിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് പഴുതടച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും ധർമ്മശാലയിൽ വച്ച്  എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്.  പിടിയിലായ ഇവർ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ മോഷണം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

0/Post a Comment/Comments