അടിമുടി മാറി ടൂറിസം മേഖല; ഇനി സഞ്ചാരികള്‍ക്ക് ഹെലികോപ്റ്ററില്‍ പറക്കാം


തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖല കൂടുതല്‍ കരുത്താര്‍ജ്ജിച്ചതോടെ ഹെലി ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച്‌ സര്‍ക്കാര്‍.

ഹെലികോപ്റ്റര്‍ മാര്‍ഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഹെലി ടൂറിസം. ഹെലി ടൂറിസത്തിന്റെ കരടു നയം തയാറായി.
ഇത് വഴി കൂടുതല്‍ വിദേശ-വിനോദ സഞ്ചാരികള്‍ക്ക് ഇവിടേക്ക് കുറഞ്ഞ സമയത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നു. കേരളാ ടൂറിസം ലോകോത്തര നിലവാരത്തിലേക്ക് എത്താന്‍ ഹെലി-ടൂറിസം സഹായിക്കുന്നു.

വിമാനത്താവളങ്ങളെയും എയര്‍ സ്ട്രിപ്പുകളെയും ബന്ധിപ്പിച്ചുള്ള ഹെലി ടൂറിസമാണു തുടക്കത്തില്‍ ആലോചിക്കുന്നത്. പദ്ധതിയുടെ സാധ്യത മനസ്സിലാക്കിയശേഷം കൂടുതല്‍ എയര്‍ സ്ട്രിപ്പുകള്‍ തുടങ്ങും. കേരളത്തില്‍ ഹെലി ടൂറിസം നടപ്പാക്കുന്നതിനുള്ള താല്‍പര്യമറിയിച്ചു ചില ഏജന്‍സികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നയം രൂപീകരിക്കാന്‍ തീരുമാനിച്ചത്.

ഇടുക്കി പീരുമേട്ടിലാണു നിലവില്‍ എയര്‍സ്ട്രിപ് വികസിപ്പിച്ചിട്ടുള്ളത്. ബേക്കലിലും വയനാട്ടിലും എയര്‍സ്ട്രിപ് പരിഗണനയിലുണ്ട്. മത്സരാധിഷ്ഠിത ടെന്‍ഡര്‍ വിളിച്ച്‌ ഏതെങ്കിലും ഏജന്‍സികളെ നടത്തിപ്പിനു ചുമതലപ്പെടുത്താനാണുദ്ദേശിക്കുന്നത്.

ഒരു ടൂറിസം കേന്ദ്രത്തില്‍ നിന്ന് അടുത്തതിലേക്കെത്താന്‍ ഗതാഗതക്കുരുക്കും മോശം റോഡുകളും കാരണം റോഡില്‍ ഏറെ സമയം നഷ്ടപ്പെടുന്നതു വിദേശ വിനോദസഞ്ചാരികളുടെ സ്ഥിരം പരാതിയാണ്. ഹെലി ടൂറിസം ചെലവേറിയതാണെങ്കിലും സമയലാഭമുള്ളതിനാല്‍വിദേശസഞ്ചാരികള്‍ പണം മുടക്കാന്‍ തയാറാകും. അതേസമയം, സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്കു ഈ റോഡ് തന്നെ തുടര്‍ന്നും ആശ്രയിക്കേണ്ടിവരും. 





0/Post a Comment/Comments