തിരുവനന്തപുരം കിൻഫ്ര പാർക്കിൽ തീപിടിത്തം; ഫയർഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം


തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൻ്റെ ചുമർ ഇടിഞ്ഞ് വീണ് ഫയർഫോഴ്സ് ജീവനക്കാരൻ മരിച്ചു. ചാക്ക യൂണിറ്റിലെ ഫയർമാൻ ജെഎസ് രഞ്ജിത്താണ് (32) മരിച്ചത്. തീ പൂർണ്ണമായി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.സർക്കാർ മരുന്ന് ഗോഡൗണിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. സംസ്ഥാന ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ജില്ലാ മരുന്ന് സംഭരണ വിതരണ കേന്ദ്രത്തിലാണ് തീപടർന്നത്. രസപദാർഥങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു.വിവരമറിഞ്ഞ് കഴക്കൂട്ടം ഫയർഫോഴ്സാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് ചാക്കയിൽ നിന്നും മറ്റു യൂണിറ്റുകളും ഇവിടേക്കത്തി. ജില്ലയിലെ മുഴുവൻ ഫയർ സ്റ്റേഷനുകളിൽ നിന്നുമുള്ള ജീവനക്കാർ സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് കെട്ടിടത്തിൻ്റെ ഭാഗം ഇടിഞ്ഞ് വീണ് രഞ്ജിത്ത് അപകടത്തിൽപ്പെട്ടത്. ഏറെ പാടുപെട്ടാണ് രഞ്ജിത്തിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആറ് വർഷം മുമ്പാണ് രഞ്ജിത്ത് ഫയർ ഫോഴ്സിൽ ചേർന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.

0/Post a Comment/Comments