കാലവര്‍ഷം: പ്രവൃത്തി നടക്കുന്ന റോഡുകളില വെള്ളക്കെട്ടും അപകടാവസ്ഥയും ഒഴിവാക്കാന്‍ നടപടിക്ക് നിര്‍ദേശം


കണ്ണൂർ': കാലവര്‍ഷം തുടങ്ങുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റോഡ് പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടും അതുവഴിയുള്ള അപകടങ്ങളും ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദേശം നല്‍കി. 

ദേശീയപാത വികസനം, തലശ്ശേരി-മാഹി ബൈപ്പാസ്, മറ്റ് പൊതുമരാമത്ത് റോഡുകള്‍ എന്നിവിടങ്ങളില്‍ ഓരോ വകുപ്പും ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണം. മണ്ണ് ഒഴുകി റോഡുകളിലേക്ക് എത്താനും വെള്ളക്കെട്ട് രൂപപ്പെടാനുമുള്ള സാധ്യതകളുള്ള സ്ഥലങ്ങളില്‍ ഇത് ഒഴിവാക്കാനുള്ള നിര്‍ദേശമാണ് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നല്‍കിയത്. 

കണ്ണൂര്‍ ചാല, പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം അപകട സാധ്യത ഉള്ളതായി പരാതിയുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി ഭാഗങ്ങളില്‍ തോട് തടസ്സപ്പെട്ടതിനാല്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ളതായും ചൂണ്ടിക്കാണിക്കപ്പെട്ടതായി കലക്ടര്‍ പറഞ്ഞു. 

അതിനാല്‍ ഇക്കാര്യങ്ങളില്‍ ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വിഭാഗങ്ങള്‍ ആവശ്യമായ പ്രവൃത്തികള്‍ നടത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനങ്ങളുടെ  വേഗത നിയന്ത്രിക്കാനാവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം. 

റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് കെഎസ്ഇബി നടപടി കൈക്കൊള്ളണം. ഓടകളിലൂടെ സുഗമമായി വെള്ളമൊഴുകുന്നത് ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും ശ്രദ്ധിക്കണം.
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓരോ വകുപ്പിന്റെയും ചുമതലയില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം  വിലയിരുത്തി. 

ഉരുള്‍പൊട്ടല്‍  സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം. ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഓരോ തദ്ദേശസ്ഥാപന തലത്തിലും മുന്‍കൂട്ടി സജ്ജമാക്കണം. വെള്ളപ്പൊക്കമുണ്ടായാല്‍ ഓരോപ്രദേശത്തെയും ജനങ്ങള്‍ മാറേണ്ട ക്യാമ്പ് നേരത്തെ നിശ്ചയിച്ച് അറിയിക്കണം. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥാപനങ്ങളായിരിക്കണം ക്യാമ്പുകളായി നിശ്ചയിക്കേണ്ടത്. ഇത്തരം പട്ടിക മുന്‍കൂട്ടി തയ്യറാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും വില്ലേജ് ഓഫീസര്‍മാക്കും നിര്‍ദേശം നല്‍കി.

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് സംബന്ധിച്ച് പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഇക്കാര്യം ഒന്നുകൂടി ഉറപ്പുവരുത്തണം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് പയോഗിക്കുന്ന വെളളം പൂര്‍ണമായും ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. സ്‌കൂള്‍ ബസുകളില്‍ അമിതമായി കുട്ടികളെ കയറ്റുന്നില്ലെന്നും അമിത വേഗതയില്‍ ഈ വാഹനങ്ങള്‍ പോകുന്നില്ലെന്നും ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആവശ്യപ്പെട്ടു. മറ്റ് വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനും മഴക്കാലത്ത് പ്രത്യേകമായ ശ്രദ്ധ ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജില്ലാ, താലൂക്ക് തലത്തില്‍ 24 മണിക്കുറും മഴക്കാല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയതായി പൊലീസും അഗ്നിശമന സേനയും അറിയിച്ചു. യോഗത്തില്‍ തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മേഴ്‌സി, തഹസില്‍ദാര്‍മാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


0/Post a Comment/Comments