കൊട്ടിയൂരിൽ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും നടന്നു;ഇന്ന് പുണർതം ചതുശ്ശതം

ഇരിട്ടി : കൊട്ടിയൂർ  വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം തിങ്കളാഴ്ച  നടന്നു. ഭഗവാന്റെ ജന്മനാൾ  കൂടിയാണ് തിരുവാതിര. ഭഗവാന് സമർപ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്. കൊട്ടിയൂരിലെ ഊരാളന്മാരായ നായർ തറവാട്ടുകാരിൽ കരിമ്പനകൾ ചാത്തോത്ത് കുടുംബക്കാരാണ് തിരുവാതിര നാളിലെ പായസ നിവേദ്യം കാലാകാലങ്ങളായി വഴിപാടായി സമർപ്പിക്കുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദനം ആരംഭിച്ചത് . നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശർക്കരയും തേനും  നെയ്യും ചേർത്താണ് പായസം തയ്യാറാക്കുന്നത് .  ഭഗവാന് നിവേദിച്ചശേഷം  മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്തു.  വൈശാഖ മഹോത്സവത്തിലെ തൃക്കൂർ അരിയളവും തിങ്കളാഴ്ച   നടന്നു.  ഉച്ചശീവേലക്ക് ശേഷമാണ് കോട്ടയം കോവിലകത്തെ സുഭദ്ര തമ്പുരാട്ടിക്ക് ശ്രീകോവിലനുള്ളിൽ വെച്ച് പന്തീരടി കാമ്പ്രം ഉണ്ണി കൃഷ്ണൻ നമ്പൂതിരിപ്പാട് സ്വർണ്ണതളികയിൽ അരി അളന്നു നൽകിയത്. രാത്രി പൂജക്ക്‌ ശേഷം  നാലു തറവാട്ടിലെ സ്ത്രീകൾക്കും മണിത്തറയിൽ അരിയും ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നൽകി.  തൃക്കൂർ അരിയളവിന് മാത്രമേ തറവാട്ടുകാരായ സ്ത്രീകൾക്ക് അക്കരെ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകാറുള്ളൂ. 
രണ്ടാമത്തെ ചതുശ്ശതനിവേദ്യമായ പുണർതം ചതുശ്ശതം ഇന്നും ആയില്യം ചതുശ്ശതം 22ന് വ്യാഴാഴ്ചയും നടക്കും. 24 ന്  മകം കലംവരവ് നടക്കും. അന്ന് ഉച്ചവരെമാത്രമാണ് അക്കരെ കൊട്ടിയൂരിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടാവുക. അന്ന് തന്നെ ആനകളും അക്കരെ ക്ഷേത്രത്തിൽ നിന്നും പിൻവാങ്ങും.  നാലാമത്തെ ചതുശ്ശത നിവേദ്യമായി അത്തം ചതുശ്ശതം 27 ന് ചൊവ്വാഴ്ച നടക്കും. അന്നുതന്നെയാണ് വാളാട്ടവും  കലശപൂജയും നടക്കുക. 28 ന് ബുധനാഴ്ച  തൃക്കലശാട്ടോടെ 28 നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് സമാപനമാകും. തിങ്കളാഴ്ചയും വലിയ ഭക്തജനത്തിരക്കാണ് കൊട്ടിയൂരിൽ ഉണ്ടായത് . ഉച്ചക്ക് ശേഷമാണ് വാഹന ബാഹുല്യം മൂലമുണ്ടായ ഗതാഗത സ്തംഭനത്തിന് ശമനമുണ്ടായത്.

0/Post a Comment/Comments