അനിയന്മാർക്ക് സ്‌കൂട്ടർ ഓടിക്കാൻ കൊടുത്തു, ചേട്ടന്മാർ കുടുങ്ങി; പിഴയും ശിക്ഷയും


മലപ്പുറം: 18 വയസ് തികയാത്ത അനിയന്മാർക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ രണ്ട് യുവാക്കൾ കുടുങ്ങി. മലപ്പുറത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ചേട്ടന്മാർ പൊലീസ് വലയിലായത്. പുത്തനങ്ങാടി - തുവ്വക്കാട് പബ്ലിക് റോഡിൽ സ്‌കൂട്ടർ ഓടിച്ചതിന് ഒരാൾ പിടിയിലായപ്പോൾ രണ്ടാമൻ കടുങ്ങാത്തുകുണ്ട് - പാറമ്മലങ്ങാടി റോഡിൽ വെച്ചാണ് കുടുങ്ങിയത്. രണ്ടുപേർക്കും 30,250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ. 

കഴിഞ്ഞ മാർച്ച് 21നാണ് ഇരുവരും പിടിയിലായത്. കുട്ടികളെ കാര്യം പറഞ്ഞ് മനസ്സിലാക്കി പൊലീസ് വിട്ടയച്ചെങ്കിലും വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. തുടർന്ന് ആർ സി ഉടമകളായ സഹോദരങ്ങളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വെങ്ങാലൂർ കടവത്ത് തളികപ്പറമ്പിൽ മുഹമ്മദ് ഷഫീഖ് (23), കല്പകഞ്ചേരി പാറമ്മലങ്ങാടി കാരാട്ട് വീട്ടിൽ മുഹമ്മദ് ഫസൽ യാസീൻ (22) എന്നിവരാണ് അനിയന്മാർക്ക് സകൂട്ടർ നൽകി വെട്ടിലായത്.





0/Post a Comment/Comments