കൊല്ലം; കൊല്ലം കുണ്ടറയിൽ വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മാമ്പുഴ കോളശ്ശേരി സ്വദേശി കാർത്തിക് (15), പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്. കൊല്ലം –ചെങ്കോട്ട റെയിൽപാതയിൽ ശനിയാഴ്ച രാത്രി 8.50നാണ് അപകടമുണ്ടായത്.
കേരളപുരം മാമൂടിനു സമീപത്തു വച്ച് പുനലൂരിൽ നിന്ന് കൊല്ലത്തേക്കു പോയ മെമു തട്ടിയായിരുന്നു മരണം. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. കാർത്തിക്കിന്റെ മൃതദേഹം റെയിൽവേ ട്രാക്കിലും മാളവികയുടെ മൃതദേഹം രണ്ടായി മുറിഞ്ഞ നിലയിലുമായിരുന്നു. കരിക്കൂൾ ശിവറാം സ്കൂളിൽ നിന്ന് പത്താം ക്ലാസ് പഠനം പൂർത്തിയാക്കി പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു കാർത്തിക്. മാളവിക പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നെങ്കിലും ഇക്കുറി പരീക്ഷ എഴുതിയിരുന്നില്ല.
അപകടം നടന്നയുടൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഒരു മണിക്കൂറോളം ട്രെയിൻ ഇവിടെ പിടിച്ചിട്ടു. മൃതദേഹങ്ങൾ കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ. കുണ്ടറ പൊലീസ് മേൽനടപടി സ്വീകരിച്ചു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Post a Comment