തിരുവനന്തപുരം: സംസ്ഥാനത്തു 138 ഡെങ്കിപ്പനി ബാധിത മേഖലകൾ കണ്ടെത്തി. ആരോഗ്യ വകുപ്പാണ് ഹോട്സ്പോട്ടുകൾ കണ്ടെത്തിയത്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ 20 വീതം മേഖലകളുണ്ട്. ഈ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർഗ്ഗേശം നൽകി.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകകളുടെ സാന്നിധ്യവും രോഗ ബാധയും ഏറ്റവും കൂടുതലുള്ള മേഖലകളാണ് തരംതിരിച്ചത്. കൊല്ലത്ത് അഞ്ചൽ, കരവാളൂർ, തെന്മല, പനലൂർ, കൊട്ടാരക്കര അടക്കമുള്ള പ്രദേശങ്ങളാണ് ഹോട്സ്പോട്ട്. കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര അടക്കമുള്ള പ്രദേശങ്ങളാണ് കോഴിക്കോട് ജില്ലയിലെ ഹോട്സ്പോട്ടുകൾ. ഒരു മാസത്തിനിടെ സംസ്ഥാനത്ത് 86 പേരാണ് പകർച്ചപ്പനിയെ തുടർന്നു മരിച്ചത്.
തിരുവനന്തപുരത്ത് മാണിക്കൽ, പാങ്ങപ്പാറ, കിളിമാനൂർ, മംഗലപുരം ഉൾപ്പെടെ 12 ഇടങ്ങളാണ് പനി മേഖല. പത്തനംതിട്ട ടൗണും സീതത്തോടും കോന്നിയും കടമ്പനാടും മല്ലപ്പള്ളിയും ഉൾപ്പെടെ 12 സ്ഥലങ്ങളാണ് പത്തനംതിട്ട ജില്ലയിലും. ഇടുക്കിയിൽ വണ്ണപ്പുറവും മുട്ടവും കരിമണ്ണൂരും പുറപ്പുഴയും ഡെങ്കിപ്പനി ബാധിത മേഖലകളാണ്.
കോട്ടയം മുനിസിപ്പാലിറ്റിയിൽ കേസുകൾ കൂടുകയാണ്. മീനടം, എരുമേലി, പാമ്പാടി, മണിമല തുടങ്ങി 14 ഹോട്സ്പോട്ടുകൾ. ആലപ്പുഴ മുനിസിപ്പാലിറ്റിയും ഹോട്സ്പോട്ട് ലിസ്റ്റിലുണ്ട്. ഏഴ് സ്ഥലങ്ങളാണ് ജില്ലയിലെ പനി മേഖല.
ഡെങ്കിപ്പനി കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന എറണാകുളത്ത് കൊച്ചി കോർപറേഷൻ പ്രദേശമുൾപ്പെടെ പനി ബാധിത മേഖലയാണ്. ജില്ലയിൽ ഒൻപത് മേഖലകൾ പനി ബാധിതമെന്ന് കണ്ടെത്തി. തൃശൂരിൽ കോർപറേഷൻ പരിധിയിൽ ഡെങ്കിപ്പനി ബാധ കൂടുന്നു. ഒല്ലൂരും കേസുകൾ കൂടുതലാണ്.
പാലക്കാട് നാല് പനി ബാധിത മേഖലകൾ മാത്രമേയുള്ളു. കരിമ്പയും കൊടുവായൂരും പട്ടികയിലുണ്ട്. മലപ്പുറത്ത് 10 എണ്ണമുണ്ട്. മലപ്പുറം ടൗണും എടപ്പറ്റയും കരുവാരക്കുണ്ടും പട്ടികയിൽ ഉൾപ്പെടുന്നു. വയനാട് സുൽത്താൻ ബത്തേരിയും മീനങ്ങാടിയും ഉൾപ്പെടെ നാലെണ്ണം മാത്രം. തലശേരിയും പാനൂർ മുനിസിപ്പാലിറ്റിയും കണ്ണൂരിലെ പനി ബാധിത മേഖലകളിലുണ്ട്. കാസർകോട് ബദിയടുക്കയിൽ രോഗികളുടെ എണ്ണം കൂടുന്നു. ഇതുൾപ്പെടെ അഞ്ച് പനി ബാധിത മേഖലകളാണ് ജില്ലയിലുള്ളത്.
Post a Comment