40 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ വീണു, എട്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മൂന്നു വയസുകാരന് അത്ഭുത രക്ഷപ്പെടല്‍


നളന്ദ: 40 അടി താഴ്ചയുള്ള കുഴല്‍ ക്കിണറ്റില്‍ വീണ മൂന്നു വയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. എട്ടു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് കുഞ്ഞിനെ പുറത്തെടുത്തത്. ബിഹാര്‍ നളന്ദ ജില്ലയിലാണ് സംഭവമുണ്ടായത്. 

കുല്‍ ഗ്രാമത്തിലെ ധുമ്മന്‍ മാഞ്ചിയുടെ മകന്‍ ശിവം കുമാറാണ് അപകടത്തില്‍പ്പെട്ടത്. വീടിനടുത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ശിവം കിണറ്റില്‍ വീഴുകയായിരുന്നു. സംഭവം അറിഞ്ഞതിനു പിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 

എന്‍ഡിആര്‍എഫും, എസ്ഡിആര്‍എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്ന നടപടികള്‍ ആരംഭിച്ചു. പൈപ്പിലൂടെ ഓക്‌സിജനും എത്തിച്ചു നല്‍കുകയും ചെയ്തു. സിസിടിവിയിലൂടെ രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. 

കുഴല്‍കിണറ്റിലെ ചളിയില്‍ എട്ട് മണിക്കൂറോളമാണ് ശിവം കുടുങ്ങിക്കിടന്നത് എന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ആരോഗ്യനില തൃപ്തികരമാണ്.


0/Post a Comment/Comments