അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കടൽത്തീരത്ത് നവജാതശിശുവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ കേസിൽ അമ്മയെ അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ്‌ചെയ്‌തു. മാമ്പള്ളി കൊച്ചുകിണറ്റിൻമൂട്ടിൽ ജൂലിയെ(40)യാണ് അറസ്റ്റ്ചെയ്‌തത്.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്‌തു. 18ന് രാവിലെ 3.30 ഓടെ മാമ്പള്ളി പള്ളിക്കു സമീപം തെരുവുനായ്‌ക്കൾ കടിച്ചുപറിയ്‌ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.
നായകളുടെ ആക്രമണത്തിൽ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്‌ടപ്പെട്ടിരുന്നു. 15ന് പുലർച്ചെ 5.30ഓടെ വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ജൂലി കത്രിക ഉപയോഗിച്ച് പൊക്കിൾകൊടി മുറിയ്‌ക്കുകയായിരുന്നു. കുഞ്ഞ് കരഞ്ഞതോടെ വായും മൂക്കും പൊത്തി പിടിച്ച് കൊലപ്പെടുത്തി. മൃതദേഹം ബക്കറ്റിൽ സൂക്ഷിച്ചു. പുലർച്ചെ ആറോടെ വീടിനടുത്ത് വെട്ടുകത്തി ഉപയോഗിച്ച് കുഴി കുത്തി കുഴിച്ചിട്ടു. പിന്നീട് തെരുവുനായ്‌ക്കൾ മൃതദേഹം മാന്തി പുറത്തെടുക്കുകയായിരുന്നു. ജൂലിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു.
റൂറൽ എസ്‌പി ഡി ശിൽപയുടെയും വർക്കല എഎസ്‌പി വിജയഭരത് റെഡ്ഡിയുടേയും നിർദ്ദേശപ്രകാരം അഞ്ചുതെങ്ങ് എസ്എച്ച്ഒ ജി പ്രൈജു, കോസ്റ്റൽ എസ്ഐ ആർ ആർ രാഹുൽ, അഞ്ചുതെങ്ങ് എസ്ഐ ബി മാഹീൻ, എഎസ്ഐമാരായ വിനോദ്കുമാർ, ജൈനമ്മ, എസ്‌സിപിഒമാരായ ഷിബു, ഷിബുമോൻ, ഷാൻ, സിപിഒമാരായ ഷംനാസ്, പ്രജീഷ്, അനു കൃഷ്‌ണൻ, സുജിത്ത്, വൈശാഖൻ, സതീശൻ, ഗോകുൽ, കിരൺ, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.
Post a Comment