ദുരന്ത കാലത്തെ നേരിടാൻ തലശ്ശേരിയിൽ ദുരന്ത നിവാരണ സേന ഒരുങ്ങുന്നു. തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിലാണ് 100 പേരടങ്ങുന്ന ദുരന്ത നിവാരണ സേന സജ്ജമാകുന്നത്. നഗരസഭയിൽ മുമ്പുണ്ടായിരുന്ന 25 അംഗ സേനയെ വിപുലീകരിച്ചാണ് പുതിയ സേന. നഗരസഭയുടെ 52 വാർഡുകളിൽ നിന്നായി ഒന്ന് വീതം ആളുകളെയാണ് സേനയിൽ ഉൾപ്പെടുത്തിയത്.
കഴിഞ്ഞ പ്രളയകാലത്തും കൊവിഡ് മഹാമാരിക്കിടയിലും സന്നദ്ധ സേവനത്തിന് മുന്നിട്ടിറങ്ങിയ പരിചയസമ്പന്നരാണിവർ. കൂടാതെ നഗരസഭയുടെ 25 കണ്ടിജന്റ് വർക്കർമാർ, ഫയർ ഫോഴ്‌സിന്റെ 11 സിവിൽ വളണ്ടിയർമാർ, വിവിധ യുവജന സംഘടനകളിൽ നിന്നുള്ള രണ്ടു വീതം പ്രതിനിധികൾ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, യുവ കൗൺസിലർമാർ എന്നിവരും സേനയിൽ ഉണ്ട്.
കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ദുരന്തമുഖത്തെ രക്ഷാപ്രവർത്തനം, ദുരന്ത നിവാരണം, ആതുര സേവനം തുടങ്ങിയവയിൽ പൊലീസ്, ഫയർഫോഴ്‌സ്, ആരോഗ്യം, വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ പ്രാഥമിക പരിശീലനവും സേന നേടിക്കഴിഞ്ഞു.
നിലവിൽ കൈവശമുള്ള ഉപകരണങ്ങൾക്ക് പുറമെ നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിലെ ദുരന്തനിവാരണ ഫണ്ടിൽ ഉൾപ്പെടുത്തി കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ തീരുമാനമുണ്ട്. ഇവ കൂടി ലഭ്യമായാൽ പ്രായോഗിക പരിശീലനവും സേനക്ക് ലഭ്യമാക്കും. കൂടാതെ വളണ്ടിയർമാർക്ക് ആവശ്യമായ യൂണിഫോം, തൊപ്പി എന്നിവയും നൽകും.
'കൂടെയുണ്ട് കൂടപ്പിറപ്പായ്' എന്ന സന്ദേശമാണ് സേന മുന്നോട്ട് വെക്കുന്നത്. വാട്ട്‌സാപ്പ് ഗ്രൂപ്പ് മുഖേനയാണ് വളണ്ടിയർമാരുടെ ഏകോപനം. ആവശ്യമായ അഭയ കേന്ദ്രങ്ങൾക്കുള്ള സംവിധാനങ്ങളും നഗരസഭ മുന്നൊരുക്കത്തിന്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ പറഞ്ഞു.
Post a Comment