തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. കനത്ത മഴയെത്തുടർന്ന് അവധി പ്രഖ്യാപിച്ച ആറ് ജില്ലകള്‍ ഒഴികെയുള്ളിടത്താണ് നേരത്തെ തീരുമാനിച്ചത് പ്രകാരം ക്ലാസുകള്‍ തുടങ്ങുന്നത്. പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കെ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിലുള്‍പ്പടെ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയുടെ സാഹചര്യത്തില്‍ ആറ് ജില്ലകളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം എന്നിവിടങ്ങളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കും കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. ഈ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പത്തനംതിട്ടയില്‍ ക്യമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.
മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിലുൾപ്പെടെ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് തീരുമാനമായത്. ക്ലാസ് തുടങ്ങുമ്പോള്‍ തന്നെ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനായി യോഗം സംഘടിപ്പിക്കണം. മറ്റു ക്ലാസുകളെ ബാധിക്കാത്ത തരത്തില്‍ നടത്തുന്ന യോഗത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആമുഖ വിശദീകരണം നല്‍കണം. പിടിഎ പ്രസിഡന്റ്, പ്രിന്‍സിപ്പല്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കേണ്ടത്. സ്‌കൂളിലെ ബാച്ചുകള്‍ ഏതൊക്കെയാണെന്നും ഓരോ ക്ലാസിലെയും അധ്യാപകര്‍ ആരൊക്കെയെന്നും പരിചയപ്പെടുത്തണം. അതോടൊപ്പം രക്ഷിതാക്കളുടെ നമ്പര്‍ അധ്യാപകര്‍ ആദ്യ ദിവസം ശേഖരിക്കണം. പിന്നീടുള്ള ദിവസങ്ങളില്‍ വിദ്യാര്‍ഥി ക്ലാസിലെത്തിയില്ലെങ്കില്‍ വിവരം ഉടന്‍ രക്ഷിതാവിനെ വിളിച്ചറിയിക്കണം.
സ്‌കൂളിന്റെ പ്രവര്‍ത്തന സമയം, അച്ചടക്ക സംബന്ധിയായ കാര്യങ്ങള്‍, ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മയക്കുമരുന്നിനെതിരായ അവബോധം തുടങ്ങിയ കാര്യങ്ങളും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിക്കണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വെച്ചത്. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളും പൂര്‍ത്തിയായ സാഹചര്യത്തിലാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനമായത്. സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ തുടര്‍ന്നുമുണ്ടാകും. സീറ്റ് കിട്ടാത്തവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരുമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചിരുന്നു.
Post a Comment