തിരുവനന്തപുരം: കാട്ടാക്കടയില്‍ യാത്രക്കാരനായ യുവാവിനെ മര്‍ദിച്ച കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളറട ഡിപ്പോയിലെ ജീവനക്കാരനായ സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.
ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിയുടെ ഒപ്പം സീറ്റിലിരുന്നത് ചോദ്യം ചെയ്ത് കണ്ടക്ടർ മർദിക്കുകയായിരുന്നുവെന്നാണ് യുവാവ് ആരോപിക്കുന്നത്. ബസ് കാട്ടാക്കട സ്റ്റാൻഡിലേക്ക് എത്തിയപ്പോഴാണ് സംഭവം. ആദ്യം ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും, പിന്നീട് അടിച്ചു തറയിലേക്ക് തള്ളിയിടുകയും ചെയ്തതായാണ് യുവാവ് പരാതിയിൽ പറയുന്നത്.
കാട്ടാക്കട ആശുപത്രിയിൽ ചികിത്സ തേടിയ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. വെങ്ങാന്നൂർ സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരേഷ് കുമാറിനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം യാത്രക്കാരനോട് മോശമായി പെരുമാറിയതിന് ഇതിനുമുൻപും കണ്ടക്ടറായ സുരേഷ് കുമാര്‍ വകുപ്പുതല ശിക്ഷാനടപടികള്‍ നേരിട്ടിട്ടുള്ളതായാണ് റിപ്പോർട്ട്.
Post a Comment