ആര്‍ട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ രാത്രി 12.21നായിരുന്നു മരണം. അസുഖത്തെ തുടര്‍ന്ന് എടപ്പാള്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം ഇന്ന്.
മലയാള സാഹിത്യത്തിന്റെ സുവര്‍ണകാലത്തെ ദൃശ്യാത്മകമായി അടയാളപ്പെടുത്തിയ ചിത്രകാരന്‍ എന്ന നിലയില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളുടെ മൗലികത എല്ലാക്കാലവും ഓര്‍മ്മിക്കപ്പെടും. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തോടെ ചിത്രകലയിലെ അതുല്യ പ്രതിഭയെയാണ് നഷ്ടമായത്. വരയും പെയ്ന്റിങ്ങും ശില്‍പവിദ്യയും കലാസംവിധാനവും എന്നുവേണ്ട കൈ വച്ച മേഖലകളിലെല്ലാം ആര്‍ട്ടിസ്റ്റ് നമ്പൂതിരി ശോഭിച്ചു. 'നമ്പൂതിരിച്ചിത്രം പോലെ സുന്ദരം' എന്നൊരു ശൈലി തന്നെ മലയാളത്തിലുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി വെറുതെയൊന്ന് കോറിയിട്ടാല്‍ പോലും, അതൊരു അതിമനോഹര ചിത്രമായി നമുക്ക് അനുഭവവേദ്യമായി.
1925 സെപ്തംബര്‍ 13 ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജനത്തിന്റേയും മകനായി ജനനം. കരിക്കട്ട കൊണ്ട് വീടിന്റെ ചുവരില്‍ ഏതൊരു കുട്ടിയേയും പോലെ വാസുദേവനും ചിത്രങ്ങള്‍ വരച്ചിട്ടു. പക്ഷെ ആ വരകള്‍ക്ക് പിന്നിലൊരു അസാമാന്യ പ്രതിഭയുണ്ടെന്ന് കണ്ടെത്തിയത് പ്രശസ്ത ചിത്രകാരന്‍ വരിക്കാശേരി കൃഷ്ണന്‍ നമ്പൂതിരിയാണ്. തുടര്‍ന്ന് മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ കലാ പഠനത്തിന് ചേര്‍ന്നു. റോയ് ചൗധരി, കെ സി എസ് പണിക്കര്‍ തുടങ്ങിയവരുടെ പ്രിയ ശിഷ്യനായി. 1960ല്‍ മാതൃഭൂമിയില്‍ രേഖാ ചിത്രകാരനായതോടെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് കലാകൗമുദിയ്ക്ക് വേണ്ടി മലയാള സാഹിത്യത്തിലെ അതുല്യപ്രതിഭകളുടെ സാഹിത്യ സൃഷ്ടികള്‍ക്കായി നമ്പൂതിരി വരച്ച ചിത്രങ്ങള്‍ ചരിത്രമാണ്. തകഴി, എം ടി, ബഷീര്‍, പൊറ്റക്കാട്, വികെഎന്‍ തുടങ്ങിയ അതികായരുടെ പല കഥാപാത്രങ്ങള്‍ക്കും വായനക്കാരുടെ മനസില്‍ മിഴിവേകിയത് നമ്പൂതിരിയുടെ വരകളാണ്. ഭീമനും ദ്രൗപതിയുമൊക്കെ നമ്പൂതിരിയുടെ വരകളില്‍ മൗലികമായ അസ്ഥിത്വത്തോടെ ഇടം പിടിച്ചു.
രണ്ടാമൂഴത്തിലെ ദ്രൗപദിയെക്കണ്ടാല്‍ ആരുമൊന്ന് ഭ്രമിച്ച് പോകും, അത്രക്ക് മനോഹരമായിരുന്നു ആ ചിത്രം. നമ്പൂതിരിയുടെ സ്ത്രീകളെ കണ്ടാല്‍ ആരുമൊന്ന് ഭ്രമിച്ചുപോകുമെന്ന് പറഞ്ഞത് സാക്ഷാല്‍ വികെ എന്നായിരുന്നു. വികെഎന്നിന്റെ പിതാമഹനും പയ്യന്‍ കഥകളുമൊക്കെ നമ്പൂതിരി വരകളില്‍ മറ്റൊരു തലത്തിലെത്തി, വരയുടെ പരമശിവനെന്നാണ് വികെഎന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചത്. സമകാലിക മലയാളത്തിലും ചിത്രകാരനായി നമ്പൂതിരി ജോലി ചെയ്തിട്ടുണ്ട്.
ചായക്കൂട്ടുകള്‍ക്കൊപ്പം തടിയിലും ലോഹങ്ങളിലും കല്ലിലും മണ്ണിലും സിമന്റിലും വരെ മനോഹര ശില്‍പങ്ങളാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി തീര്‍ത്തത്. തന്റെ ആരാധകനായ നടന്‍ മോഹന്‍ലാലിന്റെ ആവശ്യപ്രകാരം സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയിന്റിങ്ങ് വളരെ പ്രശ്‌സതമാണ്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായിരുന്നു. ഉത്തരായനത്തിലൂടെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. കേരള ലളിതകലാ അകാദമി രാജാരവിവര്‍മ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് എന്നിവയും ലഭിച്ചു. കേരള ലളിത കലാ അക്കാാദമി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളീയ ചിത്രകലക്ക് പുതിയ മാനം നല്‍കിയ, പതിറ്റാണ്ടുകളോളം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ കൊണ്ട് അതിശയിപ്പിച്ച വരയുടെ ലാളിത്യത്തിന്, പ്രണാമം.
Post a Comment