ജനറൽ കോച്ചിലെ യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണവും വെള്ളവും; പദ്ധതിയുമായി റെയിൽവേ


ജനറൽ കോച്ച് യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണവും കുടിവെള്ളവും നൽകുന്നതിനുള്ള തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് പുറത്തുവിട്ടു. ഭക്ഷണം നൽകുന്ന കൗണ്ടറുകൾ ജനറൽ കോച്ചുകള്‍ക്ക് സമീപമുളള പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിക്കും.

ഭക്ഷണം രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഏഴ് പൂരികളും കിഴങ്ങുകറിയും അച്ചാറും ഉൾപ്പടെയുള്ള വിഭവങ്ങൾ 20 രൂപയ്ക്ക് ലഭിക്കും. രണ്ടാമത്തെ ഭക്ഷണ വിഭാഗത്തിന് 50 രൂപ വിലവരും, കൂടാതെ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളായ ചോറ്, രാജ്മ, ചോലെ, ഖിച്ചി കുൽച്ചെ, ഭാതുർ, പാവ്-ഭാജി, മസാല ദോശ എന്നീ ഭക്ഷ്യ വിഭവങ്ങളും ലഭിക്കും. ജനറൽ കോച്ചുകൾക്ക് സമീപത്തെ പ്ലാറ്റ്‌ഫോമിൽ സ്ഥാപിക്കുന്ന കൗണ്ടറുകൾ വഴി ഇക്കോണമി മീൽസും മിതമായ നിരക്കിൽ പാക്കേജ് ചെയ്ത കുടിവെള്ളവും ലഭ്യമാക്കാൻ റെയിൽവേ ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സാധാരണയായി മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകൾ ഉൾപ്പെടെ എല്ലാ ട്രെയിനുകളിലും കുറഞ്ഞത് രണ്ട് ജനറൽ കോച്ചുകളെങ്കിലും ഉണ്ടാകും. ഒന്ന് ലോക്കോമോട്ടീവിന് സമീപവും ഒന്ന് ട്രെയിനിന്റെ അവസാനവുമായിരിക്കും ഉണ്ടാവുക. ഐആർസിടിസിയുടെ അടുക്കള യൂണിറ്റുകളിൽ നിന്ന് (റിഫ്രഷ്‌മെന്റ് റൂമുകൾ - ആർആർ, ജൻ അഹാര്‍) നിന്നാണ് ഭക്ഷണം വിതരണം ചെയ്യേണ്ടത് എന്നും ഉത്തരവിൽ പറയുന്നു.

നിലവിൽ 51 സ്റ്റേഷനുകളിൽ ഈ വ്യവസ്ഥ നടപ്പാക്കിയിട്ടുണ്ട്, വ്യാഴാഴ്ച മുതൽ ഇത് 13 സ്റ്റേഷനുകളിൽ കൂടി ലഭ്യമാകും. ഈ കൗണ്ടറുകളിൽ 200 മില്ലി ലിറ്ററിന്റെ കുടിവെള്ള ഗ്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ പറഞ്ഞു. തിരക്കേറിയ ഈ കോച്ചുകളിലെ യാത്രക്കാരുടെ സൗകര്യാർത്ഥമാണ് ഇത് ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു.





0/Post a Comment/Comments