തലശ്ശേരി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സാങ്കേതിക വിദ്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞതിനാൽ അതിനെ നാടിന്റെ പുരോഗതിക്കായുള്ള കണ്ടുപിടുത്തങ്ങൾക്ക് ഉപയോഗപ്പെടുത്താൻ പുതുതലമുറ മുന്നോട്ട് വരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
2023 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ തലശ്ശേരി മണ്ഡലത്തിൽ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സോടെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും അനുമോദനമേകാൻ സംഘടിപ്പിച്ച 'തലശ്ശേരിയിലെ താരങ്ങൾ' വിജയോത്സവം 2023 തലശ്ശേരി നഗരസഭ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്ര രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ കഴിയുന്ന നേട്ടങ്ങൾ കൈവരിക്കാൻ എ ഐ സാങ്കേതിക വിദ്യ വഴിവെക്കും. ഇതിനെ നല്ലകാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താനുള്ള പരിശ്രമങ്ങളാണ് ആവശ്യം. നിലവിൽ നിരവധി വിദ്യാർഥികൾ ഉപരിപഠനത്തിനും ജോലിക്കുമായി വിദേശങ്ങളിൽ പോകുന്നുണ്ട്. എന്നാൽ അവർക്ക് കേരളത്തിൽ തന്നെ മികച്ച പഠനസൗകര്യങ്ങളും ജോലിയും ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചു നിർത്തിയാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ സുരക്ഷിതമായ സഞ്ചാര സൗകര്യവും ജീവിതവും കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
തലശ്ശേരി മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലാണ് അനുമോദനം. 100 ശതമാനം വിജയം നേടിയ 19 സ്‌കൂളുകളിലെ അധികൃതർക്ക് മന്ത്രി മൊമെന്റോ കൈമാറി. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയ ഗവ. ബ്രണ്ണൻ ഹയർസെക്കണ്ടറി സ്‌കൂളിലെ എം കെ പ്രണിത്തിനെയും അനുമോദിച്ചു.
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ 880 കുട്ടികളെയാണ് അനുമോദിച്ചത്.
നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. കേരളത്തിൽ തന്നെ പഠിക്കാൻ ആവശ്യമായ സൗകര്യങ്ങൾ നിലവിലുണ്ടെന്നും വിദേശത്തു പോയി പഠിക്കുന്നതിൽ തെറ്റില്ലെങ്കിലും അത് സ്‌കോളർഷിപ്പോടെ പഠിക്കണമെന്നും സ്പീക്കർ പറഞ്ഞു.
തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ ജമുനാറാണി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ ശൈലജ (പാനൂർ) സി പി അനിത (തലശ്ശേരി) ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി കെ അശോകൻ (പന്ന്യന്നൂർ), പി പി സനിൽ (കതിരൂർ), എം പി ശ്രീഷ (എരഞ്ഞോളി), സി കെ രമ്യ (ചൊക്ലി), എം കെ സെയ്ത്തു (ന്യൂമാഹി), തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷബാന ഷാനവാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശശീന്ദ്രവ്യാസ്, വിവിധ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment