നമ്പര്‍ പാനലില്‍ നക്ഷത്ര ചിഹ്നമുള്ള കറന്‍സി നോട്ടുകള്‍ നിയമപരമായി സാധുവല്ലെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക്.


മുംബൈ: നമ്പര്‍ പാനലില്‍ നക്ഷത്ര ചിഹ്നമുള്ള കറന്‍സി നോട്ടുകള്‍ നിയമപരമായി സാധുവല്ലെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക്. നമ്പര്‍ പാനലില്‍ നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ അസാധുവല്ലെന്നും 100 ബാങ്ക് നോട്ടുകളുടെ ഒരു പാക്കറ്റിനുള്ളില്‍ വികലമായി അച്ചടിച്ച നോട്ടുകള്‍ക്ക് പകരമായാണ് ഇത് ഉപയോഗിക്കുന്നതെന്നുമാണ് ആര്‍ബിഐയുടെ വിശദീകരണം.

നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ കള്ളനോട്ടുകളാണ് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു.
 ഈ പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ വിശദീകരണം.

പ്രിന്റ് ചെയ്യുമ്പോള്‍ കേടാകുന്ന നോട്ടുകള്‍ക്ക് പകരമായാണ് നക്ഷത്ര ചിഹ്നമുള്ള ബാങ്ക് നോട്ടുകള്‍ പുറത്തിറക്കുന്നത്. നമ്പര്‍ പാനലിലാണ് നക്ഷത്ര ചിഹ്നം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റേതു ബാങ്ക് നോട്ടും പോലെ ഇതും നിയമപരമായി സാധുവാണ്. സ്റ്റാര്‍ സീരീസ് നോട്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ബിഐ വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രീഫിക്‌സിനും സീരിയല്‍ നമ്പറിനും ഇടയിലാണ് നക്ഷത്ര ചിഹ്നം നല്‍കിയിരിക്കുന്നതെന്നും ആര്‍ബിഐയുടെ വിശദീകരണത്തില്‍ പറയുന്നു.

2006ന് മുന്‍പ് പുറത്തിറക്കിയ നോട്ടുകള്‍ സീരിയല്‍ നമ്പറോട് കൂടിയവയായിരുന്നു. അക്കങ്ങളും അക്ഷരങ്ങളോടും കൂടിയ പ്രീഫിക്‌സും വ്യത്യസ്തമായ സീരിയല്‍ നമ്പറുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കേടായവക്ക് പകരം മാറ്റി അച്ചടിച്ച നോട്ടുകളാണ് ഇവയെന്ന് തിരിച്ചറിയാനായാണ് നക്ഷത്ര ചിഹ്നം ചേര്‍ക്കുന്നതെന്നും റിസര്‍വ് ബാങ്ക് വിശദീകരിച്ചു.





0/Post a Comment/Comments