ഇരിട്ടി: കണ്ണിനും മനസ്സിനും കുളിരേകി ആറളം ഫാമിൽ ചെണ്ടുമല്ലികൾ പൂത്തു. കേരള കൃഷി വകുപ്പ്, ടി ആർ ഡി എം തൊഴിലുറപ്പ് പദ്ധതി എന്നിവരുടെ ആഭിമുഖ്യത്തിൽ 5 ഏക്കർ സ്ഥലത്ത് നടത്തിയ ചെണ്ടുമല്ലി കൃഷിയാണ് കാഴ്ചയുടെ വസന്തം തീർത്ത് പൂത്തു തുടങ്ങിയത്.
മെയ് മാസം 28 മുതലാണ് ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ൽ തടം കളം കരിയിൽ ഇതിന്റെ നടീൽ ആരംഭിച്ചത്. ആറളം ഫാം ഫ്ലവർ പ്രൊഡ്യൂസേർസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ 50 അംഗങ്ങൾ ചേർന്നാണ് കൃഷി ചെയ്തത്. സൊസൈറ്റി ഭാരവാഹികളായ കുമാരൻ കോട്ടി , രാഘവൻ, ഷൈല ഭരതൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്ന കൃഷി വൻ വിജയമായതായാണ് ഇവർ പറയുന്നത്.
നിലവിൽ കണ്ണൂർ, ഇരിട്ടി, ആറളം എന്നിവിടങ്ങളിലായി ആണ് പൂവിന്റെ മാർക്കറ്റ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഓണത്തിന് വിളവെടുക്കുവാൻ തക്കവണ്ണം 15 ഏക്കറിൽ നടക്കുന്ന തൈ നടീലും പൂർത്തിയായി. കണ്ണൂർ ജില്ലാ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന വി.കെ. അജിമോൾ , ഇരിട്ടി കൃഷി അസി.ഡയറക്ടർ കെ. ബീന എന്നിവർ പദ്ധതിക്ക് ആസൂത്രണം നൽകി.
അന്യ സംസ്ഥാന പൂക്കൾ ഓണ വിപണി കീഴടക്കുമ്പോൾ അതിന് ബദൽ എന്ന നിലയിൽ ഇവിടുത്തെ ആദിവാസികൾക്ക് തൊഴിൽ നൽകിക്കൊണ്ട് ആറളം ഫാമിൽ നടത്തിയ പൂ കൃഷി വലിയ വിജയമാണെന്ന് ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് പറഞ്ഞു. കൃഷി വകുപ്പ് അധികൃതരുടെയും അതിലുപരി ആറളം പുനരധിവാസ മേഖലയിലെ തൊഴിലുറപ്പു തൊഴിലാളികളുടെയും സഹായമാണ് ഫാമിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിജയത്തിന് കാരണമെന്നും ജില്ലയിലെ ഓണം വിപണി ലക്ഷ്യമിട്ട് 15 ഏക്കറിൽ ചെണ്ടുമല്ലി കൃഷി ഇറക്കിക്കഴിഞ്ഞതായും ആറളം കൃഷി അസിസ്റ്റന്റ് സുമേഷ് പറഞ്ഞു.
Post a Comment