ഇന്ന് ആഗസ്റ്റ് 16, ബഡ്സ് ദിനം ; ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഒരു ദിനം


ബഡ്സ് ദിനം എന്ന പേരില്‍ ഈ വര്‍ഷം മുതല്‍ ആഗസ്റ്റ് 16 ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള ദിനമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കും.

2004ല്‍ കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് സംസ്ഥാനത്തെ ആദ്യ ബഡ്‌സ് സ്‌കൂള്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ദിനമാണ് ഓഗസ്റ്റ് 16. 19 വര്‍ഷം കൊണ്ട് ഈ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച്‌ കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബഡ്സ് സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് ദിനപ്രഖ്യാപനവും വാരാഘോഷവും ഒരുക്കിയിരിക്കുന്നത്. ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ഉള്‍ച്ചേര്‍ക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ദിനാഘോഷത്തിനുണ്ട്. ദിനപ്രഖ്യാപനത്തിന് മുന്നോടിയായി ഓഗസ്റ്റ് ഒമ്ബതു മുതല്‍ 16 വരെ നീളുന്ന ബഡ്സ് വാരാഘോഷവും നടന്നു വരികയാണ്. ഫല വൃക്ഷത്തൈ നടീല്‍, ഗൃഹസന്ദര്‍ശനം, രക്ഷകതൃ സംഗമം എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംസ്ഥാനത്തെ എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 16ന് വൈകിട്ട് 3ന് കോവളം വെള്ളാര്‍ കേരള ആര്‍ട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ചടങ്ങില്‍ ബഡ്‌സ് ദിന പ്രഖ്യാപനവും ബഡ്‌സ് ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.

നിലവില്‍ 359 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബഡ്‌സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 18 വയസ്സ് വരെയുള്ള കട്ടികള്‍ക്കായി 167 ബഡ്സ് സ്‌കൂളുകളും 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി 192 ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളും നിലവിലുണ്ട്. റീഹാബിലിറ്റേഷൻ സെന്ററുകളില്‍ തൊഴില്‍, ഉപജീവന പരിശീലനത്തിനാണ് മുൻഗണന നല്‍കുന്നത്. ബഡ്‌സ് സ്ഥാപനങ്ങളിലൂടെ 11,642 പേര്‍ക്ക് ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് പിന്തുണ നല്‍കിവരുന്നു. 495 അധ്യാപകരും 622 ആയമാരും ബഡ്‌സ് സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ പരാശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നതാണ് ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം.





0/Post a Comment/Comments