കീഴൂർ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടോദ്ഘാടനം 4 ന്


ഇരിട്ടി: ഇരിട്ടി ടൗണിൽ കീഴൂർ വില്ലേജ് ഓഫിസിനായി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം  4ന് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎൽഎ ചടങ്ങിൽ അധ്യക്ഷനാകും.
ഇരിട്ടി ടൗണിൽ  തലശ്ശേരി - മൈസൂർ അന്തർസംസ്ഥാന പാതയിൽ പഴയ കനറാബാങ്ക് കെട്ടിടത്തിന് മുന്നിലായി റവന്യൂ വകുപ്പിൻ്റെ അധീനതയിലുള്ള 10 സെൻ്റ് സ്ഥലത്താണ് 44 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സ്ഥല പരിമിതിമൂലം പ്രയാസപ്പെടുന്ന  ഇപ്പോൾ പുന്നാട് ടൗണിൽ പ്രവർത്തിച്ചു വരുന്ന വില്ലേജ് ഓഫിസ് ആണ് ഇരിട്ടി ടൗണിലേക്ക് മാറുക. 
പഴശ്ശി ജല സംഭരണി പ്രദേശത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാലും  വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനുമായി താഴത്തെ നില പാർക്കിങ്ങിന് ഉപയോഗപ്രദമാകുന്ന രീതിയിൽ റോഡിന് സമാന്തരമായാണ്  കെട്ടിടം നിർമ്മിച്ചത്.
പുതിയകെട്ടിടത്തിലേക്ക് ഓഫിസ് പ്രവർത്തനം മാറുന്നതോടെ കീഴൂർ വില്ലേജ് എന്നതിനു പകരം ഇരിട്ടി സ്മാർട്ട് വില്ലേജ് ഓഫിസ് എന്ന് പുനർനാമകരണം ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.   ഇരിട്ടി നഗരസഭയുടെ ഭാഗമാണെങ്കിലും നിലവിൽ പായം വില്ലേജിൽ ഉൾപ്പെടുന്ന  എടക്കാനം പ്രദേശത്തെ പൂർണ്ണമായും പുതിയ കീഴൂർ വില്ലേജ് ഓഫിസ് പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നു വന്നിട്ടുണ്ട്.

0/Post a Comment/Comments