കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശിയിൽ നിന്നാണ് 42 ലക്ഷം രൂപ വരുന്ന സ്വർണം എയർപോർട്ട് പോലീസ് പിടികൂടിയത്

ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് പുത്തൂർ സ്വദേശി അഹമ്മദ് അലി  (26) യിൽ നിന്നാണ്
സ്വർണം  പിടികൂടിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന് പുറത്തിങ്ങിയ യാത്രക്കാരൻ വാഹനത്തിൽ കയറി പോകാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

സംശയം തോന്നിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പരിശോധനയിൽ ഇയാളുടെ ശരീര ഭാഗത്ത് ഒളിപ്പിച്ചുവെച്ച നിലയിൽ  നാല് ക്യാപ്‌സ്യൂൾ രൂപത്തിലുള്ള സ്വർണ മിശ്രിതം കണ്ടെത്തുകയായിരുന്നു. 

പിടിച്ചെടുത്ത സ്വർണ മിശ്രിതം പിന്നീട് വേർതിരിച്ചെടുത്തു. സ്വർണത്തിന് 782.9 ഗ്രാം തൂക്കം വരും. പിന്നീട് ഇയാളെ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും  ചെയ്തു.  കണ്ണൂർ സിറ്റി പോലീസ് മേധാവി അജിത് കുമാർ ഐപിഎസിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിലും പരിസരത്തും ശക്തമായ പോലീസ് നിരീക്ഷണമാണ് നടത്തി വരുന്നത്.

 കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാരിൽ നിന്നും രണ്ട് കോടിയോളം രൂപ വരുന്ന സ്വർണം പോലീസ് പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും സ്വർണം പിടികൂടിയത്.


0/Post a Comment/Comments