അതിവർഷം കുമിൾ രോഗത്താൽ നശിച്ചത് ജോണിയുടെ ആയിരത്തിലേറെ വാഴകൾ


ഇരിട്ടി: വാഴയുടെ വളർച്ചയിൽ ഏറെ പ്രതീക്ഷ പുലർത്തിയ വാഴകർഷകൻ ജോണി യോയാക്കിന്റെ പ്രതീക്ഷകൾക്ക് അതിവർഷം നൽകിയത് വലിയ തിരിച്ചടി. ഒരാഴ്ച്ചത്തെ തോരാതെ പെയ്തമഴയിൽ കുമിൾ രോഗം മൂലം നശിച്ചത് എട്ട് മാസത്തോളം പ്രായമായ  ആയിരത്തിലേറെ വാഴകൾ. ശക്തമായ മഴയിൽ നിരുറവ രൂപപ്പെടുകയും ദിവസങ്ങളോളം വാഴകൾ  വെള്ളത്തിൽ നിൽക്കുകയും ചെയ്തതോടെ  കുമിൾ രോഗം ബാധിക്കുകയും വാഴകൾ നശിക്കുകയും ചെയ്തു. 
മാടത്തിൽ സ്വദേശിയായ ജോണി  പെരുമ്പറമ്പിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷിയിറക്കിയത്.  1100 ഏത്തവാഴകളാണ് കഴിഞ്ഞ ഡിസംബറിൽ  ഇവിടെ  കൃഷിചെയ്തത്. 8 മാസംകൊണ്ട് എല്ലാ രോഗങ്ങളെയും പ്രതിരോധിച്ചു കൊണ്ട് നല്ലവളർച്ച നേടിയ വാഴകളിൽ ചിലത് കുലച്ചു തുടങ്ങിയ സമയത്താണ് കഴിഞ്ഞ ആഴ്ച തുടർച്ചയായി മഴപെയ്തത്.  മഴയിൽ വാഴതോട്ടത്തിൽ കെട്ടിക്കിടന്ന വെള്ളം തൊഴിലാളികളെ ഉപയോഗിച്ച് മാറ്റുകയും പ്രതിരോധ മരുന്ന് തെളിക്കുകയും ചെയ്തിരുന്നു. കൃഷിയിടത്തിലെ വെള്ളം ചാലുകൾ കീറി  ഒഴുക്കി വിട്ടെങ്കിലും ഭൂമിക്കടിയിൽ ശക്തമായ നീരുറവ രൂപപ്പെട്ടതിനാൽ വാഴയുടെ കാണ്ഡത്തിലും വേരുകളിലും കുമിൾ രോഗം ബാധിച്ചു. മഴ മാറി വെയിൽ തെളിഞ്ഞതോടെ അതുവരെ പുഷ്ടിയോടെ വളർന്ന വാഴയുടെ ഇലകൾ മഞ്ഞളിച്ച്  ഒടിഞ്ഞു വീഴുകയും തൊട്ടാൽ വാഴകൾ മറിഞ്ഞുവീഴുന്ന നിലയിലുമായി.  
വിള ഇൻഷൂറൻസ് പ്രകാരം ജോണി  1100 വാഴകളും ഇൻഷൂർ ചെയ്തിരുന്നു. ഇൻഷൂറൻസ് വ്യവസ്ഥ പ്രകാരം കുലച്ച വാഴയ്ക്ക് 300രൂപയും കുലയ്ക്കാറായ വാഴയ്ക്ക് 150 രൂപയുമാണ് ഇൻഷൂറൻസ് സഹായമായി ലഭിക്കുക. ജോണിയുടെ നശിച്ച ആയിരത്തോളം വാഴകളും രണ്ടാഴ്ച്ചക്കിടയിൽ കുലക്കേണ്ടതാണ്. ചിലതിൽ കുല വീണ് തുടങ്ങിയിട്ടുമുണ്ട്. വാഴകൾ കുലക്കുന്നതിന് മുൻപേ രോഗം ബാധിച്ചതോടെ  കുലയ്ക്കാത്ത  വാഴകളുടെ ഗണത്തിൽപ്പെടുത്തി മാത്രമാണ്  ഇവയ്ക്കുള്ള  സഹായം ലഭിക്കുകയുള്ളു. ഇത് ചിലവിലന്റെ പാതി പോലും ലഭിക്കാത്ത  അവസ്ഥയാണ് ഉണ്ടാക്കുന്നതെന്നും കുലച്ച വാഴയ്ക്കുള്ള നഷ്ടം കണക്കാക്കി അധികൃതർ  ഇൻഷൂറൻസ് അനുവദിച്ചില്ലെങ്കിൽ താൻ കടക്കെണിയിലാകുമെന്നും കൃഷിയിടത്തിൽ പരിശോധന നടത്തി യഥാർത്ഥ നഷ്ടംകണക്കാക്കണമെന്നും  ജോണി പറഞ്ഞു.

0/Post a Comment/Comments