ഇരിട്ടി: കേരളാസ്റ്റേറ്റ് ബിവറേജസ് കോപ്പറേഷന്റെ ഔട്ട്ലെറ്റ് എടൂരിൽ തുറന്നു. പ്രതിഷേധങ്ങളും സമരങ്ങളും ഒഴിവാക്കുന്നതിനായി അപ്രതീക്ഷിതമായാണ് ഉത്രാട തലേന്നാൾ ഞായറാഴ്ച രാവിലെ 11 ന് ഉദ്‌ഘാടനം നടത്തി സ്ഥാപനം തുറന്നത്. പഴയ പോസ്റ്റോഫീസ് കവലയിൽ അനന്ത ലക്ഷ്മി ബിൽഡിങ്ങിൽ ബീവറേജസ് ഔട്ട് ലെറ്റ് വരുന്നു എന്ന നിലയിൽ ഏതാനും ആഴ്ചകളായി പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ പായം പഞ്ചായത്തിൽ തന്നെ പെട്ട മറ്റ് പ്രദേശങ്ങളിലും ഇതേ പ്രചാരണം ഉണ്ടായിരുന്നതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിരുന്നില്ല.
ഇന്നലെ യാതൊരു മുന്നറിയിപ്പുകളുമില്ലാതെയാണ് സ്ഥാപനം തുറന്നതെങ്കിലും മിനിട്ടുകൾക്കകം വിവിധ പ്രദേശങ്ങളിൽ നിന്നുമായി നൂറുകണക്കിന് പേരാണ് മദ്യം വാങ്ങാൻ എത്തിയത്. സെൽഫ്പ്രീമിയം കൗണ്ടറോടു കൂടിയ ഔട്ട് ലേറ്റാണ് എടൂരിൽ തുറക്കേണ്ടത്. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാവാത്തതിനാൽ സെൽഫ് കൗണ്ടർ പിന്നീട് തുറക്കാമെന്ന നിലയിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ സാധാരണ ഔട്ട് ലേറ്റാണ് ഇന്നലെ തുറന്നത്. തറനിരപ്പിൽ ഉള്ള നിലയിൽ ഉടൻ സെൽഫ് കൗണ്ടർ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഔട്ട് ലെറ്റുകളിൽ 10 ശതമാനം ( 68 ) എണ്ണം പൂട്ടിയിരുന്നു. ഇത് വീണ്ടും പുനരാരംഭിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത്. കേളകത്ത് പൂട്ടിയ ഔട്ട് ലേറ്റാണ് ഇപ്പോൾ പായം പഞ്ചായത്തിലെ എടൂരിൽ ആരംഭിച്ചിരിക്കുന്നത്. ഉത്തരമേഖലാ റീജിയണൽ മാനേജർ എം. സുരേഷ് ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ ഡിപ്പോ മാനേജർ വി. രസില, ഓഡിറ്റ് മാനേജർ ആർ. രസിത്, ഔട്ട് ലെറ്റ് മാനേജർ വിനീഷ്, അനന്ത ലക്ഷ്മി ബിൽഡിങ് ഉടമ രാജേഷ് എന്നിവർ സംസാരിച്ചു. ഇന്നലെ രാത്രി ഏഴ് മണിവരെ 13. 8ലക്ഷം രൂപയുടെ കച്ചവടം നടന്നു. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവർത്തി സമയം.
Post a Comment