സ്വര്‍ണം എറിഞ്ഞിട്ട് നീരജ് ചോപ്ര; ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം


2023ലെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കന്നിസ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ഫൈനലില്‍ നീരജ് ചോപ്ര  സ്വര്‍ണം നേടി. ബുഡാപെസ്റ്റില്‍ ഒപ്പം മത്സരിച്ച 12 പേര്‍ക്കും മുന്നില്‍ സമ്പൂര്‍ണ ആധിപത്യം നേടിയാണ് നീരജ് രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചത്. ഇതോടെ ആഗോള അത്ലറ്റിക്സ് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും താരം സ്വന്തം പേരില്‍ കുറിച്ചു. 
വനിതകളുടെ ലോങ്ജമ്പില്‍ അഞ്ജു ബോബി ജോര്‍ജിന്റെ വെങ്കല മെഡലിനും കഴിഞ്ഞ വര്‍ഷം യൂജിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് നേടിയ വെള്ളി മെഡലിനും ശേഷം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ കൂടിയാണിത്. ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍, ഡയമണ്ട് ട്രോഫി, ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള മെഡലുകള്‍ നേടാനും നീരജ് ചോപ്രയ്ക്ക് കഴിഞ്ഞു. 
പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ ആദ്യം ശ്രമം ഫൗളായിരുന്നു. തന്റെ രണ്ടാം ശ്രമത്തിലാണ് താരം 88.17 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം ഉറപ്പിച്ചത്. പിന്നാലെ 86.32m, 84.64m, 87.73m, 83.98m എന്നിങ്ങനെയായിരുന്നു പ്രകടനം. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം ലോക മീറ്റിലെ തന്റെ കന്നി മെഡല്‍ നേടി. 87.82 എന്ന മികച്ച ദൂരം കുറിച്ചാണ് താരം വെള്ളി നേടിയത്. ഇത് അര്‍ഷാദിന്റെ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ്. അതേസമയം ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് ജാക്കൂബ് വാഡ്ലെച്ച് 86.67 മീറ്ററുമായി വെങ്കലം നേടി.


*ഡിപി മനുവും ജെന ഇംപ്രസും*

12 പേരുടെ ഫൈനല്‍ പോരാട്ടത്തില്‍ മറ്റ് രണ്ട് ഇന്ത്യന്‍ മത്സരാര്‍ത്ഥികളും കൂടി ഉണ്ടായിരുന്നു. ഏഷ്യന്‍ അത്ലറ്റിക്സില്‍ വെള്ളി മെഡല്‍ ജേതാവായ ഡിപി മനു 84.14 മീറ്റര്‍ എറിഞ്ഞ് ആറാം സ്ഥാനത്തെത്തി. അതേസമയം, അവസാന നിമിഷത്തെ വിസ പ്രശ്നങ്ങള്‍ തരണം ചെയ്ത് മത്സരത്തിനെത്തിയ കിഷോര്‍ ജെന 84.77 മീറ്റര്‍ എന്ന പുതിയ വ്യക്തിഗത നേട്ടത്തോടെ അഞ്ചാം സ്ഥാനത്തെത്തി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ ജാവലിന്‍ ഫൈനലില്‍ ആദ്യമായാണ് 3 ഇന്ത്യക്കാര്‍ ഫൈനലിലെത്തിയത്. ഇതില്‍ രണ്ട് താരങ്ങളും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ നീരജ് കിരീടം ചൂടി.

0/Post a Comment/Comments