മാവോയിസ്റ്റുകൾക്ക് കീഴടങ്ങൽ നിർദ്ദേശങ്ങളുമായി പോലീസിന്റെ പോസ്റ്റർ


ഇരിട്ടി: മാവോയിസ്റ്റുകൾക്ക് കീഴടങ്ങാനുള്ള നിർദ്ദേശങ്ങളുമായി പോലീസ് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പതിച്ചു. ഈയിടെയായി മാവോയിസ്റ്റുകൾ എത്തുകയും പ്രകടനം നടത്തുകയും മറ്റും ചെയ്ത പ്രദേശങ്ങളിലാണ് പോലീസ് പോസ്റ്ററുകൾ പതിച്ചത്.  മാവോയിസ്റ്റുകൾക്ക് കീഴടങ്ങാൻ അവസരം ഒരുക്കിയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകളാണ് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ  പതിച്ചത്.
അയ്യൻകുന്ന് ,ആറളം പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ മാവോയിസ്റ്റുകൾ എത്തി പ്രകടനവും പോസ്റ്ററുകളും പതിക്കുന്നത് പതിവായ സാഹചര്യത്തിലാണ് മാവോസ്റ്റുകൾ എത്താൻ ഇടയുള്ള ഇത്തരം പ്രദേശങ്ങളിൽ പോലീസ് പോസ്റ്ററുകൾ പതിച്ചത്. 
കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടത്തി വരുന്നവർക്കായി കീഴടങ്ങലിനും പുനരധിവാസത്തിനുമായുള്ള ബൃഹത്തായ പദ്ധതികൾ കേരളസർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്ന കാര്യങ്ങളാണ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതോടൊപ്പം തന്നെ സഞ്ജയ് ദീപക് റാവു, സി. പി. മൊയ്തീൻ, സോമൻ, കവിത, സുന്ദരി തുടങ്ങി 18 മാവോയിസ്റ്റ് കളുടെ ഫോട്ടോ ഉൾപ്പെടുത്തിക്കൊണ്ടുള്ള  പോസ്റ്ററുകളും പോലീസ് പതിച്ചിട്ടുണ്ട്.

0/Post a Comment/Comments