പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തില്‍ വരും; ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് കോണ്‍ഗ്രസ്

ദില്ലി: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തില്‍ വരും. 200 രൂപയാണ് കുറച്ചത്. 

ദില്ലിയില്‍ 14.2 കിലോ ഗാര്‍ഹിക സിലിണ്ടറിന് 1103 രൂപയില്‍ നിന്നും 903 രൂപയായി വില കുറയും. ഉജ്വല്‍ യോജന പദ്ദതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 703 രൂപയ്ക്കും സിലിണ്ടര്‍ ലഭിക്കും. 33 കോടി പേര്‍ക്ക് പുതിയ പ്രഖ്യാപനത്തിന്‍റെ ഗുണം കിട്ടും. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ്
പാചകവാതക സിലണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്.

അതേസമയം, വില കുറച്ച നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും, തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ തുടര്‍ന്നാണ്
നടപടിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. കസേര ആടി തുടങ്ങിയെന്ന് മോദി തിരിച്ചറിഞ്ഞതിന്‍റെ ഫലമാണ് പാചക വാതക വില കുറച്ചത്. വില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് ഉള്ളതെന്നും കോണ്‍ഗ്രസ് ചൂണ്ടികാട്ടി. കര്‍ണാടക മോഡല്‍ പ്രഖ്യാപനങ്ങളും, രാജ്യത്തെ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണിയുടെ സമ്മര്‍ദ്ദവുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ പുനരാലോചനക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്.

പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങള്‍ക്ക് സന്തോഷം പകരുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. വീടുകള്‍ക്കുള്ളില്‍ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില ഇരുന്നൂറ് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. ഓണം - രക്ഷാ ബന്ധൻ ആഘോഷവേളയില്‍ പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് കേന്ദ്രസ‍ര്‍ക്കാര്‍ അറിയിച്ചു.0/Post a Comment/Comments