ഇരിട്ടി: ആദിവാസി കൂട്ടായ്മയിൽ ആറളം ഫാമിൽ കൃഷിയിറക്കിയ മുളകുപാടത്തു വിളഞ്ഞത് നൂറുമേനി പച്ചമുളക്. ആറളം കൃഷിവകുപ്പിന്റെയും ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടേയും സഹായത്തോടെ ആറളം ഫാം പുരധിവാസ മേഖലയിൽ ആദിവാസി കൂട്ടയ്മയാണ് രണ്ട് ഏക്കർ സ്ഥലത്ത് പച്ച മുളക്ക് കൃഷിചെയ്തത്. ഇവിടെ നിന്നും അഞ്ചു കിന്റൽ പച്ചമുളകാണ് ആറളം ഓണം വിപണിയിലേക്ക് എത്തിയത്.
ആറളം ഫാം പുരധിവാസ മേഖലയിൽ 13-ാം ബ്ലോക്കിലാണ് പച്ചമുളക് കൃഷി വിജയഗാഥ തീർക്കുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം 18 പേരുടെ നിരന്തരമായ പരിശ്രമത്തിന്റെ വിജയം കൂടിയായിഇത് മാറി. കിലോ 50 രൂപ നിരക്കിൽ അഞ്ച് ക്വിന്റലോളം പച്ചമുളക് കണ്ണൂർ മാർക്കറ്റിൽ വിപണനം നടത്തി. ഇനിയും വിപണനത്തിന് തയ്യാറായി ക്വിന്റൽ കണക്കിന് പച്ചമുളക് വിളഞ്ഞ് നില്ക്കുന്നത് കൂട്ടായ്മ്മയ്ക്ക് വലിയ സന്തോഷമാണ് ഉണ്ടാക്കുന്നത്. ജൈവരീതിയിൽ വിഷ രഹിതമായ ഉൽപ്പന്നങ്ങളാണ് ഇവിടെ നിന്നുും വിപണിയിലേക്ക് എത്തുന്നത്.
പുനരധിവാസ മേഖലകൾ പുഷ്പങ്ങളുടെയും പച്ചക്കറികളുടെയും ഒരു ഹബ്ബായി മാറ്റി ഫാം ടൂറിസം വളർത്തുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പുഷ്പ കൃഷിയും പച്ചക്കറി കൃഷിയും നൂറു ശതമാനം വിജയം കണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച ട്രൈബൽ ക്ലസ്റ്റർ ആയി ആറളം ഫാം പുനരധിവാസ മേഖലയ്ക്ക് ഈ വർഷത്തെ സംസ്ഥാന കൃഷി വകുപ്പിന്റെ അവാർഡും ലഭിച്ചിരുന്നു.
ഉൽപ്പന്നങ്ങൾ വിറ്റ് ലഭിക്കുന്ന പണം സംഘാംഗങ്ങൾ തന്നെ നിയന്ത്രിക്കുന്ന ആറളം ഫാം ഫ്‌ലവർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയിലൂടെ അംഗങ്ങൾക്ക് തന്നെ കൃത്യമായി വീതിച്ച് നൽകുകയാണ് ചെയ്യുന്നത്. ഓണം വിപണിയെ ലക്ഷ്യം നടത്തിയ ചെണ്ടുമല്ലി കൃഷിയും മികച്ച വിജയമായിരുന്നു. ചെറുധാന്യങ്ങളുടെ ഉത്പ്പാദാനവും വൈകാതെഫാമിൽ നിന്നും വിപണിയിലേക്ക് എത്തും. വന്യമൃഗങ്ങളുടെയും മോഷ്ടാക്കളുടെയും ശല്യം നിലനിൽക്കുമ്പോഴും നൂറുമേനി വിളവ് ലഭിച്ചതിന്റെ ആവേശത്തിലാണ് പുനരധിവാസ മേഖലയിലെ തൊഴിലാളികൾ. ആറളം കൃഷി അസിസ്റ്റന്റ സുമേഷിന്റെ മേൽ നോട്ടത്തിൽ ശാസ്ത്രീയമായ അറിവും പരിചരണവും ആദിവാസികൾക്ക് നൽകിയാണ് മികച്ച ഉത്പ്പാദനം നേടിയെടുക്കുന്നത്.
Post a Comment